എല്ലാ മേഖലകളിലും സാന്നിധ്യമുറപ്പിക്കുമ്പോഴും ഉത്സവങ്ങളിലും മറ്റ് ആഘോഷക്കമ്മിറ്റികളിലും എപ്പോഴും രണ്ടാം സ്ഥാനമാണ് സ്ത്രീകൾക്ക്. എന്നാൽ ആ ചരിത്രം തിരുത്തി കുറിക്കുകയാണ് തിരുവല്ല മണിപ്പുഴയിൽ. മണിപ്പുഴ പൊരുന്നനാർക്കാവ് ദേവി ക്ഷേത്രത്തിൽ ഇത്തവണ ഉത്സവക്കമ്മിറ്റിക്ക് സ്ത്രീകൾ നേതൃത്വം നൽകും.
ജോലിയെല്ലാം തീർത്തിട്ട് എല്ലാവരും ക്ഷേത്രത്തിൽ ഒരുമിക്കും. പിന്നെ കലാപരിപാടികളുടെ ബുക്കിങ്ങും സംഭാവന പിരിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുമാണ്. ഉദ്യോഗസ്ഥരായ സ്ത്രീകൾ ജോലി കഴിഞ്ഞുവന്ന് ഇവരെ സഹായിക്കും. ഡ്രൈവിങ് ഏറ്റെടുത്തിരിക്കുന്നതും പ്രധാന ഭാരവാഹികൾ തന്നെ.
സഹകരണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ കൂടിയായ ഗീതാ സുരേഷാണ് ഉത്സവ കമ്മിറ്റിയുടെ രക്ഷാധികാരി. നെടുംപുറം പഞ്ചായത്ത് ആശാവർക്കർ ഉഷാ രമേശ് പ്രസിഡന്‍റ്. കൺവീനർമാരും കമ്മിറ്റി അംഗങ്ങളുമെല്ലാം സ്ത്രീകൾ.
സംഘടനയുടെ നൂറാം വാർഷികം പ്രമാണിച്ച് ആർഎസ്എസ് പ്രാദേശിക നേതൃത്വമാണ് ഉത്സവ കമ്മിറ്റി സ്ത്രീകളെ ഏൽപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം സെക്രട്ടറി. ഇത്തവണത്തെ ഉത്സവം പൊടിപൊടിക്കാൻ ഒരുങ്ങുകയാണ് ഈ സ്ത്രീ കൂട്ടായ്മ.