ക്രിസ്മസ് ബംപര്‍ ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് നമ്പർ പുറത്തു വന്നതോടെ, വാര്‍ത്തകള്‍ക്ക് താഴെയുള്ള കമന്റുകളിലാകെ ഹാസ്യമയം. XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ഈ ടിക്കറ്റ് കണ്ണൂരിലെ ഏജന്‍റ് എം.ജി.അനീഷാണ് വിതരണം ചെയ്തത്. ബംപറടിച്ച ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സമ്മാനം അടിച്ചത് കണ്ണൂര്‍ക്കാരന് തന്നെയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും ചോദ്യം.
‘ആർക്ക് അടിച്ചാലും ബന്ധുക്കൾക്ക് അടിക്കരുതേ ദൈവമേ... അവരുടെ ജാഡ കാണാൻ ഉള്ള ശേഷിയില്ലാത്തതുകൊണ്ടാണ്...’ റോൺസൺ സേവ്യറിന്റെ അസൂയ കമന്റ്. ദൈവമേ ആർക്കടിച്ചാലും, എന്റെ ശത്രുക്കൾക്ക് അടിക്കരുതേ എന്നാണ് അനീഷിന്റെ നെഞ്ചുരുകിയുള്ള പ്രാർഥന.
‘ആ 400 കൊടുത്ത് ഞാൻ ഒരു 500 വാങ്ങി. അടിച്ചു മക്കളേ അടിച്ചു, സോഡ കൂട്ടി അടിച്ചു’ - പ്രമോദ് ഷിനോ എന്ന ഫെയ്സ്ബുക് യൂസറുടെ കമന്റ്. ഇതിനെല്ലാം ഇടയില്‍ക്കൂടി സർക്കാരിനെ വിമർശിക്കാനും ചിലര്‍ മറന്നില്ല. ലോട്ടറിയടിച്ച പൈനായിരം രൂപ പോലും ട്രഷറിയിൽ നിന്ന് കൊടുക്കുന്നില്ല, പിന്നെയാണ് 20 കോടി എന്നാണ് സർക്കാരിന്റെ സാമ്പത്തികനിലയെ ട്രോളിക്കൊണ്ടുള്ള കമന്റ്.
‘ഭാഗ്യം... 400 പോയില്ല, ലോട്ടറി എടുത്തതും ഇല്ല’ എന്നാണ് അഷ്റഫിന്റെ ആശ്വാസ കമന്റ്. ‘ഞാനും 400 രൂപ ലാഭിച്ചിരിക്കുന്നു’ എന്ന് അഷ്റഫിനെ പിന്തുണച്ച് ഉമേഷ് എഫ്ബിയില്‍ കുറിച്ചു. ‘20 കോടി തികച്ചുണ്ടെങ്കിൽ മതി, കിട്ടുന്നത് 12 കോടി ആയത് കൊണ്ട് എനിക്ക് വേണ്ട’ എന്നാണ് ശംഭു എസ് പിള്ളയുടെ സെൽഫ് ട്രോൾ.
‘ആധാർ കാർഡ് ഉള്ള ബംഗ്ലാദേശിക്ക് ലോട്ടറി അടിച്ചാൽ എന്ത് ചെയ്യും’ എന്നാണ് സുവിൻ വിശ്വനാഥന്റെ സംശയം. മരിച്ചുപോയ എന്റെ അപ്പൂപ്പനാണ് ബംപര്‍ അടിച്ചതെന്ന് ആണയിടുന്നു സുരേന്ദ്രൻ എന്ന പ്രൊഫൈൽ. ടാക്സ് പിടിച്ചുകഴിഞ്ഞുള്ള 12 കോടി ആർക്ക് വേണമെന്നാണ് അഭിലാഷ് മുല്ലശേരിയുടെ രോഷപ്രകടനം.
‘അടിച്ചവൻ ബ്ലാക് മണി ഉള്ള ആർക്കെങ്കിലും ടിക്കറ്റ് കൊടുത്താൽ അവർ 20 കോടി കൊടുക്കും. അതുകൊണ്ട് അവന് സുഖമായി കഴിയാം. മറിച്ച് അടിച്ചവൻ ഇത് ബാങ്കിൽ ഏൽപ്പിച്ചാൽ ടാക്സ് കഴിച്ച് 9 കോടി കിട്ടും. അതിൽ നിന്ന് നാട്ടുകാർക്ക്, ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക് നല്ലൊരു തുക പോവും. ഇതെല്ലാം കഴിഞ്ഞ് നാട്ടിലെ ചാരിറ്റി നന്മമരങ്ങൾക്കും പണം കൊടുക്കണം. അതും കഴിഞ്ഞ് അമ്പലക്കമ്മറ്റി, പള്ളിക്കമ്മിറ്റി, ചർച്ച് കമ്മിറ്റി എന്നിവർക്കെല്ലാം കൊടുത്ത ശേഷം എന്തെങ്കിലും മിച്ചമുണ്ടെങ്കില്‍ അടിച്ചവന് കിട്ടും. കാലങ്ങളോളം അയൽ നാടുകളിൽ നിന്ന് വരുന്ന മറ്റു പിരിവുകാരും ഉണ്ടാകും. അവസാനം ഇത് അടിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകും.’ - ഇങ്ങനെ നീളുന്നു സാലിഹിന്റെ കമന്‍റ്.
ഇത്തവണ, 50 ലക്ഷം ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്തതില്‍ 45 ലക്ഷത്തിലധികം വിറ്റു. ഇത് റെക്കോഡാണ്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമേ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍.