സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനില്‍ നേരിട്ടു ചെല്ലാതെ പരാതി നല്‍കാന്‍ സാധിക്കുമോ? അതായത് കയ്യിലുള്ള സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചുകൊണ്ട്? എങ്കില്‍ ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കയ്യിലുള്ള സ്മാര്‍ട് ഫോണിലൂടെ പരാതി നല്‍കേണ്ട വിധം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കുകയാണ് പൊലീസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പും പോല്‍ ആപ്പിലൂടെ പരാതി നല്‍കുക എങ്ങിനെയാണെന്ന പോസ്റ്റുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു. ഇത്തവണ വിഡിയോ പോസ്റ്റുമായാണ് പൊലീസ് എത്തിയിരിക്കുന്നത്.
എങ്ങിനെ ഓണ്‍ലൈനായി പരാതി നല്‍കാം?
കേരള പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ (https://thuna.keralapolice.gov.in/) വഴിയോ പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാം. ഇതിനായി പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് കംപ്ലയിന്‍റ് രജിസ്ട്രേഷനില്‍ ക്ലിക്ക് ചെയ്ത് പരാതി നല്‍കാം.
പരാതിക്കാരന്‍റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം ആദ്യഘട്ടം നല്‍കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയ്യതി പരാതിയുടെ ലഘു വിവരം എന്നിവ രേഖപ്പെടുത്തി ഏത് പൊലീസ് സ്റ്റേഷന്‍ പരിധി ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കേണ്ടത് എന്നിവ സെലക്ട് ചെയ്ത ശേഷം അനുബന്ധമായി എന്തെങ്കിലും രേഖകള്‍ നല്‍കാനുണ്ടെങ്കില്‍ അവകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്.
പൊലീസ് സ്റ്റേഷന്‍ മുതല്‍ ഡിജിപി ഓഫീസ് വരെ പരാതി നല്‍കുവാന്‍ ഈ സംവിധാനം വഴി സാധിക്കും. പരാതി നല്‍കിയതിന് ശേഷം പരാതി നല്‍കിയതിനുള്ള രസീത് പരാതിക്കാരന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്. സമര്‍പ്പിച്ച പരാതിയുടെ നിലവിലെ അവസ്ഥയും സ്വീകരിച്ച നടപടികളും ഈ സംവിധാനത്തിലൂടെ പരിശോധിക്കാനും സാധിക്കും.