nafisumma-virl

മണാലിയിൽ മകൾക്കൊപ്പം ടൂറ് പോയ കോഴിക്കോട് സ്വദേശിനി നഫീസുമ്മയെ അധിക്ഷേപിച്ച ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയോട് ചോദ്യവുമായി നഫീസുമ്മയുടെ മകള്‍, ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാൻ അവകാശമില്ലേ?’എന്നാണ് മകള്‍ ജിഫ്ന ചോദിക്കുന്നത്. ‘ഭര്‍ത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം ഏതോ അന്യസംസ്ഥാനത്തേക്ക് മഞ്ഞില്‍ കളിക്കാന്‍ പോയി' എന്നതായിരുന്നു പ്രഭാഷണത്തില്‍ പണ്ഡിതന്‍ വിമര്‍ശിച്ചത്. ഈ വിഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നാലെ നഫീസുമ്മക്ക് സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുമുള്ളവര്‍ പിന്തുണയുമായി എത്തി.  

ഒരു പ്രമുഖ പണ്ഡിതൻ ഒരു പ്രഭാഷണത്തിലൂടെ തകർത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആർക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് എനിക്കറിയില്ല. അത് മൂലം എന്റെ ഉമ്മാന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ വീണിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂ എന്നും മകള്‍ പറയുന്നു. 

മണാലിയിൽ മകൾക്കൊപ്പം ടൂറ് പോയ നഫീസുമ്മയുടെ യാത്രയും റീലും ആഴ്ചകൾക്ക് മുമ്പ് വൈറലായിരുന്നു. ‘ഞമ്മളെ ഫ്രണ്ട്സ് ഹാജറ, ഷഫിയ,നസീമ, സക്കീന നിങ്ങളൊക്കെ വീട്ടിൽ ഇരുന്നോ മക്കളെ.. എന്താ രസം ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളി അല്ലേ, വന്നോളിം മക്കളെ എന്ന് മണാലിയിലെ മഞ്ഞ് മലയിൽ ഇരുന്ന് നഫീസുമ്മ വിളിച്ച് പറയുന്നതായിരുന്നു റീൽ. മണാലിയിൽ പോയ മഞ്ഞ് കണ്ട നഫീസുമ്മയുടെ സന്തോഷം നിറഞ്ഞു നിന്ന ആ വിഡിയോ അഞ്ച് മില്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രം ആ വിഡിയോ ആളുകൾ കണ്ടത്.

കുറിപ്പ്

25 വർഷം മുന്നെ ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാൻ അവകാശമില്ലേ? യാത്രകൾ പുതിയ അനുഭവങ്ങൾ സമ്മാനിക്കുമെന്ന് പറയാറുണ്ട്. അതേ പോലെ പരന്നു കിടക്കുന്ന പടച്ചോന്റെ സൃഷ്ടികൾ കാണാനായി കഴിഞ്ഞ ഡിസംബർ മാസത്തിൽ ഞാനും എന്റെ ഉമ്മയും ‘‘അന്യ സംസ്ഥാനമായ മഞ്ഞ് വീഴുന്ന മണാലിയിലേക്ക്’’ പോയിരുന്നു. തീർത്തും ആനന്ദകരമായ യാത്രയ്ക്കിടയിൽ ആദ്യമായ് മഞ്ഞു കണ്ട ആഹ്ലാദത്തിൽ നിഷ്കളങ്കയായ എന്റുമ്മച്ചി മഞ്ഞിൽ അത്യാഹ്ലാദത്തോടെ സന്തോഷിക്കുകയും അതൊരു റീലായി പുറത്ത് വരുകയുമുണ്ടായി. അതിന് പിന്നാലെയായി തെറിയഭിഷേകവും,അടക്കം പറച്ചിലും നിരവധി ഞങ്ങളിലേക്ക് എത്തിയപ്പോഴും ഉമ്മാനെ സമാധാനിപ്പിച്ച് പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ട് വരാൻ എനിക്കന്ന് കഴിഞ്ഞിരുന്നു. എന്നാൽ അത് ഒരിക്കലും മതപരമായ രീതിയിലേക്ക് വളച്ചൊടിച്ച് ഗുരുതര പ്രശ്നമായി ചിത്രീകരിക്കപ്പെടുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.

ഒരു പ്രമുഖ പണ്ഡിതൻ ഒരു പ്രഭാഷണത്തിലൂടെ തകർത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആർക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് എനിക്കറിയില്ല. അത് മൂലം എന്റെ ഉമ്മാന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ വീണിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂ. എനിക്കൊരു വിഭാഗത്തോടും വെറുപ്പോ വിദ്വേഷമോ ഇല്ല. അതെ പോലെ ഞങ്ങളുടെ ശരിയും തെറ്റും ആരെയും  ബോധിപ്പിക്കേണ്ടതുമില്ല. 

ആരോടും പ്രതികരിക്കാനോ മനസിലാക്കി തരാനോ എനിക്കുദ്ദേശമില്ല. എന്നാൽ കൂടിയും ആ പ്രസംഗം കാരണം ഇന്ന് എന്റുമ്മക്ക് മരണവീട്ടിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയാണ്. നിങ്ങളത് കൊണ്ട് എന്ത് നേടി?? അവരെ പിന്തുണക്കുന്നവർക്ക് അത് കൊണ്ട് എന്ത് കിട്ടി?

അതിലാ ഉസ്താദ് പറയുന്ന ഒരു കാര്യമുണ്ട് “ഇരുപത്തിയഞ്ച് വർഷമായി ഭർത്താവ് മരണപ്പെട്ട വലിയുമ്മാക്ക് ഏതെങ്കിലും മൂലയ്ക്കിരുന്ന് ദിക്റും സ്വലാത്തും ചൊല്ലിയാൽ പോരെ എന്ന്’’ എന്ത് കൊണ്ടാണ് അങ്ങനെയൊരു പരാമർശം നടത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല. എന്തേയ് ഒരു വിധവക്ക് ലോകം കാണാൻ വിലക്കുണ്ടോ? അല്ലെങ്കിൽ ലോകം പുരുഷന് കാണാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ?? അല്ലെങ്കിൽ തന്നെ ആണുങ്ങൾക്ക് ഈ പറഞ്ഞ സ്വലാത്തൊ​ന്നും ബാധകമല്ലെന്നാണോ??? ഇബാദത്ത് പടച്ചോനും പടപ്പും തമ്മിൽ ആവില്ലേ നിങ്ങക്കെന്തിനാ ഇത്ര ബേജാർ?

എന്റെ ഉമ്മാന്റെ അമലുകളും നന്മകളും പടച്ച റബ്ബിനറിയുന്നിടത്തോളം പടപ്പായ നമ്മൾ അതിൽ തല പുകക്കേണ്ടതുണ്ടോ?

ഉസ്താദ് പറഞ്ഞ പോലെ പത്തിരുപത്തിനാല് കൊല്ലത്തോളം എന്റുമ്മ ജീവിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറത്തെ ദാരിദ്ര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്. എല്ലാ കൂലിവേലകളും ചെയ്തിട്ടുണ്ട്. താൻ പൂർണഗർഭിണിയായ ദിവസം,അതായത് എന്നെ പ്രസവിക്കുന്നന്ന് പോലും എന്റെയുമ്മ ഞങ്ങളുടെ വിശപ്പടക്കാൻ, വീട് പണി നടക്കുന്ന സമയത്ത് പണിക്കാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാനുമായി എന്റെയുമ്മക്ക് പോവേണ്ടി വന്നിട്ടുണ്ട്

ഒരു സ്ത്രീ വിധവയാകുമ്പോൾ അവൾ കടന്നു പോകുന്ന സാഹചര്യം ഈ പറഞ്ഞ ആളുകൾക്ക് മനസ്സിലാകുമോ എന്നെനിക്ക് അറിയില്ല. മൂന്ന് പെൺമക്കളെയും, കാഴ്ചനഷ്ടപ്പെട്ട നടക്കാൻ കഴിയാത്ത ഉമ്മയെയും, വൃദ്ധയായ ബാപ്പയെയും ദിവസത്തിൽ ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കാൻ സാധിച്ചെങ്കിലന്നോർത്ത് വീടുകൾ തോറും കൈ നീട്ടേണ്ടി വന്ന പെണ്ണിന്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാവില്ല. ആയുസിന്റെ പകുതിയോളം കഷ്ടപാടും ദുരിതവും അനുഭവിച്ച എന്റുമ്മ ഇന്നൊന്ന് ഒരു യാത്ര പോയതാണോ നിങ്ങൾ കണ്ട കൊടും പാപം.ഇവരെ അനുകൂലിക്കുന്ന മനുഷ്യരെ ഇനി നിങ്ങളോടാണ്. പ്രയാസത്തിന്റെ പടുകുഴിയിൽ കൂപ്പ് കുത്തിയപ്പോഴും തളരാതെ എന്റുമ്മ അന്ന് പിടിച്ച് നിന്നത് ഞങ്ങൾ മക്കളെയോർത്താണ്...കാരണം ഒരു മനുഷ്യൻ ശരിക്കും യത്തീമാവുന്നത് ഉപ്പ മരിക്കുമ്പോഴല്ല ,അവന്റെ മാതാവിനെ നഷ്ടപ്പെടുമ്പോഴാണ്. ദുഃഖഭാരത്തിന്റെ അങ്ങേ തലയ്ക്കൽ ആയുസിന്റെ നല്ലൊരു ഭാഗവും നഷ്ടമായപ്പോൾ ഇന്നൊരു യാത്ര പോയതാണോ എന്റുമ്മ ചെയ്ത തെറ്റ്? ഈ പ്രതിസന്ധി ഘട്ടത്തിലും മറ്റൊന്നും പ്രതീക്ഷിക്കാതെ കൂടെ നിന്ന നിൽക്കുന്ന ഒത്തിരി നല്ല മനുഷ്യരുണ്ട്.... ആ മനുഷ്യരോടാണിനി പറയാൻ ഉള്ളത്.. നന്ദിയുണ്ട് ഒരുപാട്.

ENGLISH SUMMARY:

Doesn't a woman who lost her husband have the right to see the world?" Nafisumma's daughter questions Ibrahim Saqafi