rto-ernakulam

ബസ് പെര്‍മിറ്റ് പുതുക്കാന്‍ കുപ്പിയും കാശും കൈക്കൂലി വാങ്ങിയ എറണാകുളം ആര്‍ടിഒ വിജിലന്‍സിന്‍റെ പിടിയില്‍. ടി.എം.ജെര്‍സനെയാണ് വിജിലന്‍സ് എസ്.പി. എസ്.ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആര്‍ടിഒയുടെ വീട്ടില്‍ നിന്ന് നൂറ് ലീറ്ററിലേറെ വരുന്ന മുന്തിയ വിദേശമദ്യകുപ്പികളാണ് പിടികൂടിയത്. 

ബവ്റിജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകളില്‍ പോലും കിട്ടാത്ത മുന്തിയ ഇനം മദ്യമാണ് എറണാകുളം ആര്‍ടിഒ ടി.എം. ജെര്‍സന്‍റെ എളമക്കര വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കുപ്പിയൊന്നിന് കാല്‍ലക്ഷം വിലവരുന്ന ബ്രാന്‍ഡുകള്‍ വരെ കൂട്ടത്തിലുണ്ട്. എല്ലാം കൈക്കൂലിയായി വാങ്ങികൂട്ടിയതെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഫോര്‍ട്ട്കൊച്ചി ചെല്ലാനം റൂട്ടിലോടുന്ന സ്വകാര്യ ബസിന്‍റെ താത്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കാനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. 

തുടര്‍ന്നായിരുന്നു കാക്കനാട് സിവില്‍ സ്റ്റേഷനിലെ ഓഫിസിലും വീ്ട്ടിലും പരിശോധന. കൈക്കൂലിയിടപാടില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഏജന്‍റുമാരായ രാമു, സജി എന്നിവരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. ജെര്‍സന്‍റെ വീട്ടില്‍ നിന്ന് റബര്‍ബാന്‍ഡിട്ട് കെട്ടിയ നിലയില്‍ നോട്ടുകളും കണ്ടെത്തി. ഇങ്ങനെ കണ്ടെത്തിയത് അറുപതിനായിരത്തിലേറെ രൂപയാണ്. വിവിധ ബാങ്കുകളിലായി ജെര്‍സന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ളത് അരക്കോടിയിലേറെ രൂപയുടെ നിക്ഷേപമെന്നും കണ്ടെത്തി. 

ENGLISH SUMMARY:

Ernakulam RTO caught by vigilance for taking bribes in cash and liquor to renew bus permits. T.M. Jersan was arrested by a vigilance team led by SP S. Shashidharan. Over 100 liters of premium foreign liquor bottles were seized from the RTO's residence.