മനസില്‍ പതിഞ്ഞ നാടന്‍ പാട്ടുകള്‍ പാടി സ്റ്റേജിനെ കയ്യിലെടുക്കുന്ന ഗായകന്‍, ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍ കഴിവുള്ള ഹാസ്യതാരം. ഏതൊരു സൂപ്പര്‍ താരത്തിനൊപ്പവും കട്ടയ്ക്ക് നില്‍ക്കുന്ന വില്ലന്‍, സ്ക്രീനില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന നായകന്‍, തന്‍റെ അസാമാന്യ പ്രകടനം കൊണ്ട് ആരാധകര്‍ നെഞ്ചിലേറ്റിയ താരം. ചാലക്കുടിക്കാരന്‍ കലാഭവന്‍ മണിക്ക് ഇനിയുമേറെയുണ്ട് വിശേഷണങ്ങള്‍.
ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല നാടന്‍ പാട്ടുകള്‍ മലയാളികളിലേക്ക് എത്തിച്ചതില്‍ കലാഭവന്‍ മണി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. മണ്‍മറഞ്ഞുകൊണ്ടിരുന്ന നാടന്‍ പാട്ടുകളെ കലാഭവന്‍ മണി തന്‍റെ കഷ്ടതകള്‍ വിവരിക്കാനും സമൂഹത്തിലെ അസമത്വം വിളിച്ചുപറയാനുമുള്ള ആയുധമാക്കി മാറ്റി. ലൈവ് ഷോകളില്‍ മണിക്കൂറുകള്‍ നിര്‍ത്താതെ പാടി. നാടന്‍ പാട്ട് കാസറ്റുകളിറക്കി. സിനിമകളിലും നാടന്‍ പാട്ടിന്‍റെ അലയൊലികള്‍ തീര്‍ത്തു. തന്‍റെ പ്രകടനം കൊണ്ട് സദസിനെ ഒന്നാകെ കയ്യിലെടുത്തു. ഒടുവില്‍ 2016 മാര്‍ച്ച് ആറാം തീയതി, തന്‍റെ 46ാം വയസില്‍, പാടാനേറെ പാട്ടുകളും, കെട്ടിയാടാന്‍ ഒരുപാട് വേഷങ്ങളും ബാക്കിയാക്കി ആ അനശ്വര കലാകാരന്‍ ലോകത്തോട് വിടപറഞ്ഞു.
ഇന്നും പല വേദികളിലും നാടന്‍ പാട്ട് കലാരകാരന്മാര്‍ മണിയുടെ പാട്ടുകള്‍ ഏറ്റുപാടാറുണ്ട്. ഇപ്പോഴിതാ പ്രമുഖ റാപ്പര്‍ കലാഭവന്‍ മണിയെക്കുറിച്ച് പറഞ്ഞ വാചകമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. റാപ്പ് സോങ്ങിന്‍റെ ഈ കാലത്ത് താന്‍ കലാഭവന്‍ മണിയെ ഇറക്കിയേനെ എന്നായിരുന്നു വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ പരാമര്‍ശം.
'മണിച്ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പുള്ളിയെ ഒക്കെ ഇറക്കിയേനെ. ചുമ്മാ കത്തിയേനേ.. ഒന്ന് ആലോചിച്ചുനോക്കിയേ പുള്ളി ഹിപ് ഹോപ്പ് സ്റ്റൈലില്‍ വന്ന് പെര്‍ഫോം ചെയ്യുന്നേ'.... എന്നായിരുന്നു ഒരു യൂട്യൂബ് ചാനലില്‍ വേടന്‍ നടത്തിയ പരാമര്‍ശം. ഇതിനു പിന്നാലെ കലാഭവന്‍ മണിയുടെ പഴയ നാടന്‍ പാട്ട് സ്റ്റേജ് ഷോകള്‍ സൈബറിടത്ത് തരംഗമാകുകയാണ്.
തന്‍റെ കഷ്ടപ്പാടുകളെയും സമൂഹത്തിലെ അനീതികളെയും, അസമത്വത്തെയും തുറന്നു കാട്ടുന്ന തരത്തിലുള്ള പാട്ടുകള്‍ എഴുതി ചിട്ടപ്പെടുത്തി വൈറലായ റാപ്പറാണ് വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. കലാഭവന്‍ മണി പണ്ട് പാടി തരംഗം സൃഷ്ടിച്ച പല പാട്ടുകളും വേടന്‍ തന്‍റെ ലൈവ് ഷോകളില്‍ പാടാറുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാഭവന്‍ മണിയുടെ സംഗീതത്തിലും നിറഞ്ഞുനിന്ന ഉള്ളടക്കം സമൂഹത്തിലെ അനീതികള്‍ തന്നെയായിരുന്നു.
ഇപ്പോഴത്തെ റാപ്പര്‍മാരില്‍ പലരും ബാക്ക്ഗ്രൗണ്ടില്‍ ട്രാക്ക് ഇട്ട് പാടുമ്പോള്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാഭവന്‍മണി മണിക്കൂറുകളോളം ലൈവ് പെര്‍ഫോമന്‍സ് ചെയ്തിരുന്നു എന്നും കമെന്‍റ് ബോക്സുകളില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.
നായകന്‍, വില്ലന്‍, സഹനടന്‍ എന്നിങ്ങനെ ഏത് റോളിലും അതിഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്ന കലാഭവന്‍ മണി കോമഡി, ആക്ഷന്‍, സെന്‍റിമെന്‍സ് എന്നിങ്ങനെ ഏത് വേഷവും ചെയ്യാന്‍ മറ്റുള്ള നടന്മാരേക്കാള്‍ ഒരുപടി മുന്നിലായിരുന്നു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി എന്നിങ്ങനെ കലാഭവന്‍ മണിയുടെ പ്രകടനത്തില്‍ കണ്ണ് നനയാത്ത മലയാളികള്‍ ചുരുക്കം. മുന്‍പ് ജയിലര്‍ സിനിമയിലെ വിനായകന്‍ അസാമാന്യ പെര്‍ഫോമന്‍സ് കാഴ്ചവെച്ചപ്പോഴും കലാഭവന്‍ മണി സൈബറിടത്ത് ചര്‍ച്ചയായിരുന്നു.
ഛോട്ടാ മുംബൈയിലെ നടേശനും, വല്യേട്ടനില്‍ മമ്മൂക്കയ്ക്കൊപ്പം കട്ടയ്ക്ക് നിന്ന കാട്ടിപ്പള്ളി പപ്പനും, സാക്ഷാല്‍ ചിയാന്‍ വിക്രമിനെ വിറപ്പിച്ച സൈക്കോ വില്ലന്‍ തേജയും ഇന്നും അഭ്രപാളികളില്‍ മായാതെ നില്‍പ്പുണ്ട്. മലയാള സിനിമ എല്ലാ മേഖലകളിലും വളര്‍ച്ച പ്രാപിച്ച് തിളങ്ങി നിര്‍ക്കുന്ന ഈ കാലത്ത് കലാഭവന്‍ മണിയെന്ന കലാകാരന്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് വേടനെപ്പോലെ നമ്മളും ആഗ്രഹിക്കാറുണ്ട്.