ശമ്പളവർധന ആവശ്യപ്പെട്ട് തലസ്ഥാനത്ത് ആശവർക്കർമാർ സമരത്തിലാണ്. വെറും 7000 രൂപ ഓണറേറിയം കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും എന്നാണ് ഇവർ ചോദിക്കുന്നത്. വിലക്കയറ്റം സാധാരണക്കാരെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ഘട്ടത്തിലാണ് ഇവര്‍ വേതന വര്‍ധന ആവശ്യപ്പെടുന്നത്.
ആലപ്പുഴയിലെ ആശാവർക്കർമാരിൽ ഒരാളാണ് രാജേശ്വരി. സാധാരണ കുടുംബം. 17 വർഷമായി ആശാവർക്കാരായി ജോലി ചെയ്യുന്നു. 300 രൂപ ശമ്പളത്തിന് 2009ൽ ജോലിക്ക് കയറി. ഇന്നും കാര്യമായ വർധന ശമ്പളത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ കഷ്ടപ്പാട് കൂടി. രാജേശ്വരിയുടെ ഭർത്താവിന് കെ.എസ്.ആർ.ടി.സിയിലാണ് ജോലി. അവിടുത്തെ കാര്യം പിന്നെ പറയേണ്ടല്ലോ എന്നാണ് ഈ ആശ ചോദിക്കുന്നത്.
രാജേശ്വരിയുടെ കൂട്ടുകാരിയായ മറ്റൊരു ആശാ പ്രവർത്തകയാണ് ശ്രീജ. രണ്ടുപേരും ഒന്നിച്ച് ജോലിയിൽ കയറിയവരാണ്. ശ്രീജയുടേതും ഒരു സാധാരണ കുടുംബം, ഭർത്താവ് മൽസ്യതൊഴിലാളി. കോവിഡ് കാലത്തെ ആശാ പ്രവർത്തനങ്ങളിൽ ശ്രീജയ്ക്കൊപ്പം ഭർത്താവ് തമ്പിയുമുണ്ടായിരുന്നു. 'ഞങ്ങൾ ചെല്ലും എന്ന വിശ്വാസത്തിൽ വീടുകളിൽ കഴിയുന്ന പ്രായമായവരടക്കം രോഗികളുണ്ട്. അവരുടെ മുഖം ഓർക്കുമ്പോൾ ഇതൊക്കെ ഇട്ടെറിഞ്ഞു പോകാൻ തോന്നില്ല. സ്വന്തം കയ്യിലെ കാശെടുത്ത് പലർക്കും ഭക്ഷണവും മരുന്നുമൊക്കെ എത്തിച്ചിട്ടുണ്ട്. അതിനൊന്നും അവരോട് കണക്ക് പറയേണ്ട കാര്യമില്ല. മനസറിഞ്ഞു ചെയ്യുന്ന കാര്യങ്ങളാണ്. പക്ഷെ സർക്കാർ ഞങ്ങളെ കാണണം, ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കണം' എന്നാണ് ശ്രീജയ്ക്ക് പറയാനുള്ളത്.
ഇതൊക്കെ തന്നെയാണ് സംസ്ഥാനത്തെ എല്ലാ ആശമാർക്കും പറയാനുള്ളത്. ജനനം മുതൽ മരണം വരെ, സ്വന്തം വാർഡിലെ എല്ലാ കാര്യങ്ങളും ഇവർ റിപ്പോർട്ട് ചെയ്യണം. ഓരോ വീട്ടിലേയും കാര്യങ്ങൾ കൃത്യമായി ഏത് ഉറക്കത്തിൽ ചോദിച്ചാലും ഇവർ പറയും. ആത്മാർഥത, ക്ഷമ, കൃത്യത- ഇതാണ് ഏതൊരു ആശാപ്രവർത്തകയുടെയും മുഖമുദ്ര.
മാസം 7000 രൂപ ഓണറേറിയം. ഇതുകൂടാതെ ഇൻസെന്റീവ് ഉണ്ട്. അത് 2000 രൂപയോളം ലഭിക്കും. ഇതാണ് ആശാവർക്കർമാരുടെ വരുമാനം. ഇതിനായി രാപകൽ ഇല്ലാത്ത കഷ്ടപ്പാടും. എന്നിട്ടും എന്തിനാണ് ഇങ്ങനെ തുടർന്ന് പോകുന്നത് എന്ന് ചോദിച്ചാൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയുണ്ട് എന്നാണ് ഇവർ നൽകുന്ന മറുപടി. കൂടെ ഓരോ വീടുകളിലും ഇവരെ കാത്തിരിക്കുന്നവരുടെ പേരുകൾ എടുത്ത് പറയും. ഞങ്ങൾ ഇല്ലെങ്കിൽ ഇവർ എന്ത് ചെയ്യും എന്ന മറുചോദ്യവും. എല്ലാം പറഞ്ഞു തീരും മുൻപേ 'ഇന്ന് ഒ.പി ഡ്യൂട്ടിയാണ്. ചെല്ലട്ടെ' എന്നുപറഞ്ഞു തിരക്കിട്ട് അവര്‍ പോവുകയും ചെയ്യും.