തൂവെള്ള ഗൗണില്‍ മാലാഖാ കുഞ്ഞുങ്ങളായി ഇവാനയും അലീനയും, മുഖത്തെ പുഞ്ചിരി പറഞ്ഞുവയ്ക്കുന്നുണ്ട് ആ കുഞ്ഞുമക്കള്‍ എത്ര സന്തോഷത്തിലായിരുന്നുവെന്ന്. തീരാ നോവായി മാറുകയാണ് ഇന്ന് ഏറ്റുമാനൂരില്‍ റയില്‍വേ ട്രാക്കില്‍ ജീവനൊടുക്കിയ ഷൈനി കുര്യനും മക്കളായ ഇവാന, അലീനയും.
ഇവാന്‍റെയും അലീനയുടെയും ആദ്യ കുർബാന സ്വീകരണ ചടങ്ങിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൊടുപുഴ സ്വദേശിയായ ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭർത്താവ് ഇറാഖിലാണ്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിർത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട‌്രാക്കിൽ നിന്ന് മാറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.
കോടതിയില്‍ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് മരണം. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്നാണ് വിവരം. നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസിന് മുന്നിലാണ് മൂവരും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.