വൻ ദുരന്തമറിഞ്ഞ്, 7 വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ അബ്ദുള്‍ റഹീം തന്‍റെ കുടുംബത്തിന് 65 ലക്ഷത്തോളം കടമുണ്ടെന്നറിഞ്ഞാണ് അക്ഷരാർത്ഥത്തിൽ നടുങ്ങിയത്. വിദേശത്ത് 15 ലക്ഷത്തിന്റെയും, നാട്ടില്‍ 12 ലക്ഷത്തിന്‍റെയും കടം മാത്രമേ ഉള്ളൂവെന്ന ധാരണയിലാണ് അദ്ദേഹം നാട്ടിലെത്തിയത്.
അബ്ദുള്‍ റഹീമിന്റെ ബിസിനസ് പൊളിഞ്ഞതോടെ 2022 മുതലാണ് വരുമാനം കുറഞ്ഞ് തുടങ്ങിയത്. പണം വരുന്നത് കുറഞ്ഞിട്ടും പഴയ ആര്‍ഭാട ജീവിതം മാറ്റി, ചെലവ് ചുരുക്കാൻ അഫാനും അമ്മയുമടങ്ങുന്ന കുടുംബം ശ്രമിച്ചില്ല. പണമില്ലാതായതോടെ, പലരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കടം വാങ്ങി, അതിന്റെ പലിശ കൂടിക്കൂടിയാണ് ബാധ്യത 65 ലക്ഷത്തോളം എത്തിയത്.
കടം നല്‍കിയവരേയും, വായ്പ കൊടുത്ത ധനകാര്യ സ്ഥാപനങ്ങളേയും കണ്ടാണ് കുടുംബത്തിന് 65 ലക്ഷത്തോളം കടമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്. എന്നാല്‍ ഇത്ര വലിയ ബാധ്യതയാണ് കുടുംബത്തിനുള്ളതെന്ന് അബ്ദുള്‍ റഹീമിന് അറിയില്ലായിരുന്നു. അഫാന് മാനസിക പ്രശ്നമില്ലെന്ന് റിപ്പോര്‍ട്ട് കിട്ടുകയും, ലഹരി ഉപയോഗിച്ചതിന് തെളിവ് കിട്ടാതിരിക്കുകയും ചെയ്തതോടെയാണ് കടബാധ്യത തന്നെയാണ് കൊലപാതക കാരണമെന്ന് പൊലീസ് ഉറപ്പിച്ചത്.
അഫാനെ ജയിലിലേക്ക് മാറ്റിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യുന്നതോടെ എല്ലാ വിവരവും പുറത്തുവരുമെന്ന ധാരണയിലാണ് പൊലീസ്. കടംകയറിയതോടെ ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നുവെന്ന് അഫാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചതെന്നും, ഏറ്റവും പ്രിയപ്പെട്ടവർ അമ്മയും അനുജനും കാമുകിയുമാണെന്നും അഫാന്‍ പറഞ്ഞു.
കടം കൂടിയതോടെ കുടുംബത്തോടെ ജീവനൊടുക്കാനാണ് ആദ്യം തീരുമാനിച്ചതെന്ന് അഫാൻ പറയുന്നു. ഇത് നടക്കാതെ വന്നതോടെ മറ്റുള്ളവരെ കൊലപ്പെടുത്തി താനും മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കടത്തിന്‍റെ പേരില്‍ പിതാവിന്‍റെ അമ്മയും സഹോദരനും ഭാര്യയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇത് ജീവിതം ദുസ്സഹമാക്കിയെന്നും അഫാന്‍ കൂട്ടിച്ചേര്‍ത്തു. അമ്മ മരിച്ചില്ലെന്നും ജീവനോടെയുണ്ടെന്ന് രണ്ട് ദിവസം മുന്‍പാണ് താന്‍ അറിഞ്ഞതെന്നും അഫാന്‍ അവകാശപ്പെടുന്നു. അമ്മ മരിക്കാത്തതില്‍ സങ്കടമുണ്ടെന്നും അമ്മയ്ക്കും മരിക്കാനാണ് ഇഷ്ടമെന്നും താനും മരിക്കുമെന്നും അഫാന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.