TOPICS COVERED

മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളോട് പൊരുതി പരുക്കേറ്റ ശൗര്യചക്ര ജേതാവ് സുബേദാര്‍ മേജര്‍ പി.വി.മനേഷിന് ഇനി വിശ്രമജീവിതം. 28 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയാണ്  ജീവിയ്ക്കുന്ന രക്തസാക്ഷി കൂടിയായ ഈ പട്ടാളക്കാരന്‍ കണ്ണൂരിലെ വസതിയില്‍ തിരിച്ചെത്തിയത്.

ഉള്ളിലാ വെടിയൊച്ചകള്‍ നിലച്ചിട്ടില്ല.. മുംബൈ ഭീകരാക്രമണത്തില്‍ തലയ്ക്ക് മുകളില്‍ ഭീകരന്‍റെ ഗ്രനേഡ് പൊട്ടിത്തെറിച്ച് തലയോട്ടി പിളര്‍ന്നതിന്‍റെ വേദനയില്ല.. അന്നുമിന്നും മനസില്‍ കോറിയിട്ടത് പിറന്ന നാടിന്‍റെ നാമം മാത്രം.. തലയ്ക്കേറ്റ ഗുരുതര പരുക്കില്‍ വലതുവശം തളര്‍ന്നു. പക്ഷേ, പോരാട്ടവീര്യത്തിന് ഇന്നും ലവലേശം തളര്‍ച്ചയില്ല. 2008–ലെ ഭീകരാക്രമണത്തിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് രാജ്യം സുബേദാര്‍ മേജര്‍ പി.വി മനേഷിന് ശൗര്യചക്ര നല്‍കി ആദരിച്ചത്

അഴീക്കോട് ചാലിലെ വീട്ടില്‍ നാട് മുഴുവന്‍ അംഗീകാരങ്ങള്‍ കൊണ്ട് മൂടിയതിന്‍റെ അടയാളങ്ങളാണ്. അതില്‍ വീണ്ടും വീണ്ടും കണ്ണോടിക്കുമ്പോള്‍ പട്ടാളത്തിലേക്കുള്ള ആദ്യ ചവിട്ടുപടികളെ കുറിച്ചോര്‍ക്കും.

പി.വി മനേഷിന്‍റെ പരിശീലനത്തിലൂടെ കടന്ന് രാജ്യത്തെ സേവിയ്ക്കുന്ന നിരവധി പേരുണ്ട് ഇന്ന് പട്ടാളത്തില്‍. താന്‍ തന്നെയാണ് അവരിലൂടെ വീണ്ടും രാജ്യത്തിനായി ജീവിയ്ക്കുന്നതെന്ന് വിശ്വസിയ്ക്കുകയാണ ്ഈ കറകളഞ്ഞ രാജ്യസ്നേഹി. ജീവനുള്ള നാള്‍ വരെ യുവാക്കളെ പ്രചോദിപ്പിച്ച് പരിശീലിപ്പിച്ച് നാടിന് മുതല്‍ക്കൂട്ടാക്കുകയാണ് സ്വപ്നം.

ENGLISH SUMMARY:

Subedar Major PV Manesh, a Shaurya Chakra awardee, has returned to his residence in Kannur after 28 years of military service. He was injured while fighting terrorists during the Mumbai terror attack and is now resting. His bravery and selflessness have earned him the reputation of a living martyr .