വീട്ടിൽ പ്രസവം നടന്നുവെന്നതിന്‍റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നൽകിയത്. 2024 നവംബർ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന് കാണിച്ച് മനുഷ്യാവകാശ കമ്മിഷനാണ് പരാതി നൽകിയത്
‘ഒക്ടോബർ 28 ആയിരുന്നു ഡേറ്റ് തന്നത്. പ്രസവ വേദന വരുമ്പോൾ ആശുപത്രിയിൽ പോകാമെന്ന് കരുതി. അതുകൊണ്ട് 28ന് ആശുപത്രിയിൽ പോയില്ല. പ്രസവത്തിന് ആശുപത്രിയിൽ പോകാഞ്ഞത് മരുന്ന് നൽകി പ്രസവം നടത്തും എന്നതിനാലാണ്. അതിന് താൽപ്പര്യമില്ലായിരുന്നു, നവംബർ 2നാണ് പ്രസവ വേദന വന്നത്, പെട്ടന്ന് കുഞ്ഞിന് ജന്മം നൽകി. മുകളിലെ നിലയിലായതിനാൽ പെട്ടന്ന് താഴേക്ക് എത്തിക്കാനായില്ല, പ്രസവശേഷം അടുത്ത കടയിൽ പോയി ബ്ലേഡ് മേടിച്ച് വന്ന് പൊക്കിൾക്കൊടി മുറിച്ചു’ ഭർത്താവ് ഷറാഫത്ത് പറയുന്നു. അക്യുപങ്ചർ പഠിച്ചിട്ടുണ്ട് അതുകൊണ്ട് മരുന്ന് കഴിക്കുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.
കുട്ടി ജനിച്ച അന്ന് തന്നെ കെ സ്മാർട്ട് എന്ന ആപ്ലിക്കേഷൻ വഴി ജനന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു. ജനനസർട്ടിഫിക്കറ്റിനായി പലതവണ കോർപ്പറേഷനെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്നാണ് പരാതിക്കാരിയും ഭർത്താവും പറയുന്നത്.