‘അമ്മാ..എന്‍റെ കല്യാണമാ അനുഗ്രഹിക്കണം, ഞങ്ങള്‍ ഇറങ്ങുവാണേ..കട്ടിലില്‍ കിടക്കുന്ന അമ്മയുടെ മുഖത്തോട് ചേര്‍ത്ത് മുത്തം കൊടുത്ത് എഴുന്നേല്‍ക്കുമ്പോള്‍ ദേവികയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. കല്യാണ പെണ്ണായി മുന്നില്‍ നില്‍ക്കുന്ന മോളെ നിറകണ്ണോടെ മഞ്ജുഷ നോക്കി..എന്തൊക്കെയോ പറയണമെന്നുണ്ട്, മോളെ നിന്‍റെ കല്യാണത്തിന് കൈ പിടിച്ച് നടത്തേണ്ട ഞാന്‍ ഇവിടെ കട്ടിലേല്‍ മിണ്ടാനാവാതെ..നിറഞ്ഞ തുളുമ്പിയ ആ കണ്ണീര്‍ ഒരായുഷ്കാലത്തിന്‍റെ മൊത്തം സ്വപനവും പ്രതീക്ഷയും പറയുന്നുണ്ടായിരുന്നു. പട്ടുടുത്ത് പൊട്ടുതൊട്ട് പൊന്നണിഞ്ഞ് മുല്ലപ്പൂ ചൂടി മുന്നില്‍ നില്‍ക്കുന്ന ദേവികയെ പലകുറി അമ്മ മഞ്ജുഷ നോക്കി, ആ മൂർദ്ധാവിൽ കൈ വച്ച് മുഖത്തോട് മുഖം നോക്കി.
‘മോളെ...നീ കല്യാണപെണ്ണായി അല്ലെ...’ എന്ന് പലകുറി ആ മനസ് പറഞ്ഞിട്ടുണ്ടാവും. ദേവികയുടെ ജീവിത പങ്കാളി ശ്രീജുവും ആ അമ്മയുടെ കരങ്ങള്‍ ഇറുകെപ്പുണർന്നു, ‘അമ്മാ അനുഗ്രഹിക്കണം..ഈ മോളെ പൊന്നു പോലെ ഞാന്‍ നോക്കും’ മനസില്‍ പലവട്ടം ശ്രീജു മന്ത്രിച്ചു. ഇരുവരും ചേര്‍ന്ന് കട്ടിലില്‍ ആയ ജീവനെ പുണര്‍ന്നപ്പോള്‍ സ്വര്‍ഗത്തിലെ വിവാഹം പോലെ മനോഹരമായി ആ കാഴ്ച, വധു ദേവികയുടെ വീട്ടില്‍ വച്ചായിരുന്നു കല്യാണം.
എക്സൈസ് വകുപ്പ് ജീവനക്കാരനായ കുമാരമംഗലം പേടപ്പാട്ട് ദേവദാസിന്‍റെയും റവന്യു വകുപ്പ് ജീവനക്കാരിയായ ടി.എ മഞ്ജുഷയുടേയും മകളാണ് ദേവിക, ഒരു അപകടത്തെ തുടർന്ന് കിടപ്പിലായ ദേവികയുടെ അമ്മ മഞ്ജുഷയുടെ സ്വപനമായിരുന്നു മകളുടെ സ്വപ്നം, കിടന്ന കിടപ്പിലായതിനാല്‍ തന്നെ അമ്മയുടെ സാന്നിധ്യം തന്‍റെ വിവാഹത്തിനുണ്ടാവണമെന്ന് ദേവികയ്ക്ക് നിര്‍ബന്ധമായിരുന്നു. തുടര്‍ന്ന് അമ്മയുടെ സൗകര്യം കണക്കിലെടുത്ത് വിവാഹം വീട്ടില്‍ വച്ച് നടത്തുകയായിരുന്നു.
പുലിയന്നൂർ ഇടപ്പറമ്പിൽ സുകുവിന്‍റെയും ഒാമനയുടെയും മകന്‍ ശ്രീജുവാണ് വരന്‍. കാമറമാന്‍ ബേസില്‍ പകര്‍ത്തിയ അമ്മയുടെയും മകളുടെയും സ്നേഹ നിമിഷങ്ങള്‍ സൈബറിടത്ത് വൈറലാണ്.