ആലപ്പുഴ ഇരവുകാട്ടെ സ്ത്രീകൂട്ടായ്മ വ്യായാമത്തിനൊപ്പം കൃഷിയും എന്ന ലക്ഷ്യവുമായി ഒന്നിച്ചപ്പോൾ ഉണ്ടായത് പച്ചക്കറി കൃഷിയിലെ വൻവിളവ്.
മാലിന്യം നിക്ഷേപിച്ചിരുന്ന പറമ്പിലാണ് തളിര് ജൈവ കൃഷി കൂട്ടായ്മ നേട്ടം കൊയ്തത്. മുൻനഗരസഭ ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ സൗമ്യരാജിന്‍റെ നേതൃത്വത്തിലാരംഭിച്ച കൂട്ടായ്മ വീടുകളിൽ ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി വിപണനത്തിന് ആഴ്ച ചന്ത ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് .
വീട്ടിലെ ജോലികൾ കഴിഞ്ഞ് സൗഹൃദത്തിനായി ഒന്നിച്ചു കൂടിയിരുന്ന സ്ത്രീകളാണ് തളിര് ജൈവകൃഷി കൂട്ടായ്മ രൂപീകരിച്ചത്. ഇരവുകാട് വാർഡ് കൗൺസിലറായ സൗമ്യ രാജാണ് ജൈവ കൃഷി കൂട്ടായ്മ എന്ന ആശയം മുന്നോട്ടുവച്ചത്. തൊട്ടടുത്ത് മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന ഒരു പറമ്പ് കൃഷിക്കായി ഒരുക്കി. ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിലെ കുട്ടികളും സഹകരിച്ചതോടെ കൃഷിയിടം ഒരുങ്ങി. കൂട്ടായ്മയിലെ അംഗങ്ങൾ കൃഷിയിടത്തിലെ ജോലി വ്യായാമവുമാക്കി. മുളകും വെണ്ടയും വഴുതനയും പാവലും എല്ലാം നേരത്തെ വിളവെടുത്തു. 50 സെന്‍റോളം സ്ഥലത്തുള്ള ചീരയുടെ വിളവെടുപ്പ് ഞായറാഴ്ച നടക്കും.
സംസ്ഥാന കർഷക അവാർഡ് ജേതാവായ കഞ്ഞിക്കുഴിയിലെ ശുഭകേശനാണ് കൃഷിക്ക് വേണ്ട സഹായവും പിന്തുണയും നൽകിയത്. തളിര് ജൈവകൃഷി കൂട്ടായ്മയുടെ മാതൃക കണ്ട് ഇരവുകാട്ടെ മറ്റ് മൂന്നിടങ്ങളിൽ കുടി പച്ചക്കറികൃഷിത്തോട്ടങ്ങൾ ആരംഭിച്ചു. വിവിധ പ്രദേശങ്ങളിലെ കൂട്ടായ്മകളിൽ നിന്ന് ശേഖരിക്കുന്ന പച്ചക്കറി വിൽപ്പന നടത്തുന്നതിന് ആഴ്ച ചന്ത ആരംഭിക്കാനാണ് സ്ത്രീകൂട്ടായ്മയുടെ തീരുമാനം