ഭക്തവത്സലനായ വില്വമംഗലം സ്വാമിയാർക്ക് ദേവി ദർശനം നൽകിയതിന്‍റെ ഓർമ്മ പുതുക്കലാണ് ഒറ്റവാക്കിൽ ചോറ്റാനിക്കര മകം തൊഴൽ എന്നാണ് ഐതീഹ്യം. ജ്യോതി ആനക്കര, ജ്യോതിയാൽ ആനയിക്കപ്പെട്ട് ഉണ്ടായ കര. അത് പിന്നീട് ലോപിച്ചാണത്രേ ചോറ്റാനിക്കര ഉണ്ടായത്. പൂർവ്വജന്മത്തിൽ കണ്ണപ്പൻ എന്ന് പേരുള്ള ഒരു മലയരയൻ ഈ പ്രദേശത്ത് താമസിച്ചിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്‍റെ അനുചരന്മാരും അനുഷ്ടിച്ച കർമ്മങ്ങളിൽ സംപ്രീതയായ ദേവി, വരും ജന്മത്തിൽ അദ്ദേഹം സാത്വികനായി ജനിക്കുമെന്നും ദേവിയെ സ്വീകരിക്കാനായി ചോറ്റാനിക്കര എന്ന ഈ സ്ഥലത്ത് കാത്തുനിൽക്കണമെന്നും സ്വപ്നത്തിൽ അരുളി ചെയ്തുവത്രേ. ഈ ജന്മത്തിൽ വില്വമംഗലം സ്വാമിയാരായി പുനർജനിച്ച അദ്ദേഹം ഇങ്ങനെ ഒരു ദേശം ഉണ്ടെന്ന് കേട്ടറിയുകയും ഇവിടെ എത്തുകയും ചെയ്തു.
കുളിക്കാനായി അദ്ദേഹം അമ്പലക്കുളത്തിലേക്ക് ചെന്ന് വെള്ളത്തിൽ ഇറങ്ങിയതും കാലിൽ എന്തോ തടഞ്ഞത് പോലെ തോന്നി. എടുത്തു നോക്കിയപ്പോൾ അതൊരു ഭദ്രകാളി വിഗ്രഹം ആയിരുന്നു. ഭക്തിപുരസരം അദ്ദേഹം അത് അമ്പലക്കുളത്തിന്‍റെ കിഴക്ക് ഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ല പ്രതിഷ്ഠിച്ചു. . ദേവിയെ സ്മരിച്ച് അങ്ങനെ നിൽക്കുമ്പോൾ അദ്ദേഹത്തിനു മുന്നിൽ മേൽക്കാവിൽ നിന്ന് ദേവി, ലക്ഷ്മി നാരായണസമേതനായി പ്രത്യക്ഷപ്പെട്ടു എന്നും ഐതിഹ്യം പറയുന്നു. ഈ സംഭവങ്ങൾ അത്രയും നടക്കുന്നത് കുംഭമാസത്തിലെ മകംനാളിൽ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മിഥുനലഗ്നത്തിൽ ആയതുകൊണ്ടാണ് മകം തൊഴലിന് ഉച്ചയ്ക്ക് നട തുറക്കുന്നത്. മറ്റൊരു ദേവി ക്ഷേത്രത്തിലും ഈ സമയം നട തുറക്കുക പതിവില്ല.
ദേവിയുടെ ശരണമന്ത്രം നാരായണനുമായി ചേർത്ത് ഭജിക്കുന്ന ഒരേയൊരു അമ്പലവും ചോറ്റാനിക്കരയാണ്. മറ്റെല്ലാ ദുർഗാക്ഷേത്രങ്ങളിലും നാരായണി എന്ന ദേവിയെ സംബോധന ചെയ്യുമ്പോൾ, മഹാവിഷ്ണുസമേതനായി ദേവി സ്ഥിതി ചെയ്യുന്നു എന്ന അർത്ഥത്തിലാണ് ചോറ്റാനിക്കരയിൽ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്നത് ശരണമന്ത്രമായി വന്നത്. ഇച്ഛാശക്തി ജ്ഞാന ശക്തി ക്രിയാശക്തി ഇവ മൂന്നും സമന്വയിരിക്കുന്ന ദേവി സങ്കല്പമാണ് ചോറ്റാനിക്കരയിലേത്. സാധാരണയായി ദേവി ക്ഷേത്രങ്ങളിൽ ശിവന്‍റെ ഭൂതഗണങ്ങളിൽ ഒരാളായ ഭദ്രകാളി ഭാവത്തിലാണ് ദേവിയെ ആരാധിക്കുന്നത്. എന്നാൽ ചോറ്റാനിക്കരയിൽ ശൈവ സങ്കല്പത്തിലുള്ള ഭദ്രകാളിയായും വൈഷ്ണവ സങ്കൽപ്പത്തിലുള്ള ലക്ഷ്മി നാരായണ രൂപത്തിലും ദേവി ആരാധിക്കപ്പെടുന്നു എന്നത് പ്രത്യേകതയാണ്.
മംഗല്യ ഭാഗ്യമാണ് മകം തൊഴിലിന്‍റെ ഏറ്റവും വലിയ സാഫല്യം. കന്യകമാർ മകം തൊഴുതാൽ അടുത്ത മകം എത്തുന്നതിനു മുൻപ് തന്നെ വിവാഹം നടക്കും എന്നാണ് വിശ്വാസം. വിവാഹിതരായ സ്ത്രീകളോ ദീർഘസുമംഗലി ആയിരിക്കാനാണ് മകം തൊഴലിന് എത്തുന്നത്. ആധിവ്യാധികൾ ഒഴിഞ്ഞ്, ദുർഘടങ്ങൾ എല്ലാം അകന്ന് സൽസന്താനഭാഗ്യത്തിനും ദേശത്ത് അഭിവൃദ്ധി ഉണ്ടാകാനുമായി ഭക്തിപുരസരം വിശ്വാസികൾ മകം തൊഴലിന് എത്തുന്നു. പതിവിൽ നിന്ന് വിപരീതമായി ഇടത് കയ്യിനു പകരം വലത് കയ്യിൽ തങ്ക ഗോളക ചാർത്തിയാണ് ഇന്നേ ദിവസം ദേവി ഭക്തർക്ക് വരപ്രസാദം ചൊരിയുന്നത്.