ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനിയും കുഞ്ഞുങ്ങളും കേരളത്തിന്‍റെ ഒന്നാകെ വേദനയാണ്. കെട്ടിപ്പിടിച്ച് നിന്നാണ് മൂന്നുപേരും മരണത്തെ വരവേറ്റത്. ട്രെയിനിന്‍റെ ഹോണ്‍ അടി കേട്ടിട്ടും ഇവര്‍ മാറിയില്ലെന്ന് ലോക്കോപൈലറ്റ് പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു അനുഭവം പങ്കുവച്ച് രംഗത്ത് വന്നിരിക്കുതയാണ് ദക്ഷിണ റെയിൽവേയിൽ സീനിയർ ലോക്കോ പൈലറ്റും ചിത്രകാരനുമായ പ്രദീപ് ചന്ദ്രൻ.
കുറേവർഷം മുൻപത്തെ ഒരു ദാരുണ അനുഭവമാണ് ഫെയ്സ് ബുക്കിലൂടെ പ്രദീപ് ഷെയർ ചെയ്തത്. ചാറ്റൽമഴയുള്ള ഒരു പ്രഭാതത്തിൽ തന്‍റെ ട്രെയിനിനു മുന്നിൽ എത്തിപ്പെട്ട ഒരു അമ്മയുടെയും രണ്ടു മക്കളുടെയും ഓർമയാണ് പ്രദീപ് പറയുന്നത്. ദൂരെനിന്നേ അവരെ കണ്ടു, നീട്ടി ഹോൺ അടിച്ചപ്പോൾ അമ്മ പാളത്തിൽ നിന്നിറങ്ങി. ഒക്കത്ത് കൈക്കുഞ്ഞ് ഉണ്ടായിരുന്നത് കൊണ്ടാകണം, മുതിർന്ന പെൺകുട്ടി പാളത്തിൽ തന്നെ നിന്നത് അമ്മ ശ്രദ്ധിച്ചില്ല. അവളാകട്ടെ, ട്രെയിൻ കണ്ട സന്തോഷത്തിൽ കൈവീശി തുള്ളിക്കളിച്ച് അവിടെ തുടർന്നു.
നീട്ടി ഹോണടിച്ചു, വീണ്ടും വീണ്ടും നീട്ടിയടിച്ചു, മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല പ്രദീപ് എഴുതുന്നു. എത്രകാലം കഴിഞ്ഞാലും വിട്ടൊഴിയാത്ത ഓർമയായി ഈ ദുരന്തങ്ങൾ ഓരോ ലോക്കോ പൈലറ്റിന്‍റെയും മനസിൽ അവശേഷിക്കുമെന്ന് തന്നെ ഈ കുറിപ്പ് വായിക്കുമ്പോൾ മനസിലാക്കാം. ജോലിയിൽ കയറുന്ന കാലത്ത് ട്രെയിൻ ഓടിക്കുന്നത് ആലോചിച്ച് ത്രില്ലടിച്ച താൻ പിന്നീടാണ് ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയത് എന്നും പ്രദീപ് പറയുന്നു.
കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് കോട്ടയം ഏറ്റുമാനൂരിനടുത്ത് അടുത്ത് 42കാരി ഷൈനി, രണ്ടു പെൺമക്കളെയും എടുത്ത് ട്രെയിനിനു മുന്നിൽ ചാടിയത്. അവരുടെ അവസാന നിമിഷങ്ങൾ നേരിൽ കണ്ടതിന്‍റെ ഞെട്ടിക്കുന്ന അനുഭവം അന്ന് ട്രെയിൻ ഓടിച്ച ലോക്കോ പൈലറ്റ് പൊലീസിനോട് പറഞ്ഞത് പുറത്ത് വന്നിരുന്നു.