image: Roshan Ranjith

image: Roshan Ranjith

‘പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്... മനുഷ്യപുത്രന് തല ചായ്ക്കാന്‍ മണ്ണിലിടമില്ലാ...മണ്ണിലിടമില്ലാ...’ തലമുറകളായി കേരളം പാടിനടക്കുന്ന ഈ പാട്ട് വാട്സാപ് ഗ്രൂപ്പിലിടുന്നത് ഒരു തെറ്റാണോ? തെറ്റല്ലെന്ന് കോഴിക്കോട് എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ പറയില്ല. കാരണം പാട്ട് വാട്സാപ് ഗ്രൂപ്പിലിട്ട എസ്.ഐയെ രായ്ക്കുരാമാനം സ്ഥലം മാറ്റി. എലത്തൂരില്‍ നിന്ന് ഫറോക് സ്റ്റേഷനിലേക്കായിരുന്നു മാറ്റം.

ആദ്യം പലര്‍ക്കും സംഗതി മനസിലായില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് വാട്സാപ് ഗ്രൂപ്പില്‍ പാട്ടിട്ടത് എങ്ങനെ അച്ചടക്കലംഘനമായി മാറിയെന്ന് മനസിലായത്. എലത്തൂര്‍ എസ്ഐ ഫെബ്രുവരി 25ന് മേലുദ്യോഗസ്ഥനോട് ആ ആഴ്ചയിലെ അവധി ആവശ്യപ്പെട്ടു. തിരക്കുപിടിച്ച സമയത്ത് അവധി ചോദിച്ചതിന് ശകാരമായിരുന്നു മറുപടി. അവധിയൊട്ട് കിട്ടിയതുമില്ല. എസ്ഐ നിരാശനായി. ഉള്ളിലാകെ ദേഷ്യവും.

മനസില്‍ വിഷമവും നിരാശയും പിടിമുറുക്കിയതോടെ എസ്ഐ ഫോണെടുത്തു. ‘പാമ്പുകള്‍ക്ക് മാളമുണ്ട്...’ എന്നുതുടങ്ങുന്ന പാട്ട് പൊലീസ് വാട്സാപ് ഗ്രൂപ്പില്‍ത്തന്നെ അങ്ങ് പോസ്റ്റ് ചെയ്തു. തൊട്ടുതാഴെ എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ സംഭവങ്ങളുമായി പാട്ടിന് ഒരു ബന്ധവുമില്ല എന്നൊരു കുറിപ്പുകൂടി ഇട്ടു. അതോടെ അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും കാര്യം പിടികിട്ടി.

എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ അഡ്മിനായ ഗ്രൂപ്പിലാണ് എസ്ഐ പ്രതിഷേധപ്പാട്ടിട്ടത്. പിന്നാലെ 'എലത്തൂര്‍ ഒഫീഷ്യല്‍' എന്ന വാട്സാപ് ഗ്രൂപ്പിന്‍റെ പേര് ‘ടീം എലത്തൂര്‍’ എന്ന് തിരുത്തുകയും ചെയ്തിരുന്നു.

തൊട്ടുപിന്നാലെ സ്ഥലംമാറ്റ ഉത്തരവെത്തി. നടപടിയുടെ കാരണം എന്തെന്ന് ആര്‍ക്കും സംശയമില്ലായിരുന്നു. നടപടി നേരിട്ട എസ്ഐയ്ക്കുപോലും. പക്ഷേ സ്ഥലംമാറ്റത്തിന് പിന്നില്‍ വാട്സാപ് പോസ്റ്റ് അല്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പ്രതികരണം. ഈ വിശദീകരണം ബോധമുള്ള ആരും വിശ്വസിക്കില്ലെന്നാണ് പൊലീസുകാരുടെ നിലപാട്.

ENGLISH SUMMARY:

A Sub-Inspector from Elathur Police Station in Kozhikode has been transferred as a disciplinary action after expressing disappointment over not getting a weekly off by posting a theatrical song in the station's WhatsApp group. The officer has now been reassigned to the Feroke Police Station.