afan-father-1-

കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാമെന്നും അതില്‍ വിഷമിക്കേണ്ടെന്നും താന്‍ മകന്‍ അഫാനോട് പറഞ്ഞിരുന്നതാണെന്ന് വെളിപ്പെടുത്തി വെഞ്ഞാറമൂടിലെ റഹീം. മുതല്‍ കിടക്കുകയല്ലേ, അത് വില്‍ക്കാമെന്നും അങ്ങനെ ബാധ്യത തീര്‍ക്കാമെന്നും പറഞ്ഞതാണ്. അതനുസരിച്ച് വീടും സ്ഥലവും കാണാന്‍ ബ്രോക്കര്‍മാരെ കൊണ്ടുവന്ന് നോക്കിയതാണെന്നും റഹീം മനോരമന്യൂസിനോട് പറഞ്ഞു. 

നാട്ടില്‍ പതിനഞ്ച് ലക്ഷം രൂപയ്ക്കകത്തും ഗള്‍ഫില്‍ 10 ലക്ഷം രൂപയോളവുമാണ് തനിക്കും കുടുംബത്തിനുമായി ഉണ്ടായിരുന്ന കടബാധ്യത. അതല്ലാതെ അഫാന്‍ പറയുന്നല 65 ലക്ഷത്തിന്‍റെ കാര്യം അറിവില്ലെന്ന് റഹീം വെളിപ്പെടുത്തുന്നു. ചിട്ടി ചേര്‍ന്നയിനത്തില്‍ തന്‍റെ സഹോദരനായ ലത്തീഫീന് 75,000 രൂപ നല്‍കാനുണ്ടായിരുന്നു. ഉമ്മായുമായി സാമ്പത്തിക ഇടപാടുകളൊന്നും നടത്തിയിട്ടുമില്ല. മക്കളെന്തെങ്കിലും കൊടുക്കുന്നത് കൊണ്ടാണ് ഉമ്മ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.  Read More: അഫാനെ എനിക്ക് കാണേണ്ട; അവനുണ്ടാക്കിയ നഷ്ടം വലിയത്; റഹീം

ബന്ധുക്കളില്‍ നിന്ന് ഭാര്യയും മകനും പലിശയ്ക്ക് പണം വാങ്ങിയിരുന്നുവെന്നും റഹീം സ്ഥിരീകരിക്കുന്നു. അഫാന്‍റെ കുഞ്ഞുമ്മയുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പലിശമാത്രമായി അഞ്ചര ലക്ഷം രൂപ തിരിച്ച് നല്‍കിയെന്നാണ് തന്‍റെ അറിവെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. ബാധ്യതയില്‍ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണെന്നും അടയ്ക്കാന്‍ കാലാവധി ഉണ്ടായിരുന്നിട്ടും അസിസ്റ്റന്‍റ് മാനേജര്‍ നിരന്തരം ജപ്തി ഭീഷണി മുഴക്കിയിരുന്നുവെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Afan’s father, Raheem, revealed that he had assured his son not to worry about their financial burdens. He even considered selling assets to settle debts but denied knowing about the ₹65 lakh claim.