പിഞ്ചുകുഞ്ഞുങ്ങളുമായി അന്തിയുറങ്ങാൻ ഒരു സുരക്ഷിത ഇടം കാത്തിരിക്കുകയാണ് എടത്വ സ്വദേശിനി പ്രവിത. ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതോടെ ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിൻറെ പണി മുടങ്ങി. വയോധികരായ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും പരിചരിക്കേണ്ടതിനാൽ പ്രവിതയ്ക്ക് ജോലിക്ക് പോകാനും ആകുന്നില്ല.
മൂന്നുവർഷംമുമ്പ് പുന്നപ്രയിൽവച്ചുണ്ടായ ടോറസ്സപകടം തായങ്കരി സ്വദേശി ശ്യാം കുമാറിൻറെ ജീവൻ കവർന്നപ്പോഴാണ് കുടുംബത്തിൻ്റെയാകെ താളം തെറ്റിയത്. ഒരുവയസ്സ് മാത്രം പ്രായമുള്ള രണ്ട് ഇരട്ടക്കുഞ്ഞുങ്ങളും ശ്യാമിന്റെ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിൻ്റെ ഭാരം ഭാര്യ പ്രവിതയുടെ ചുമലിലായി. വയോധികരായ മാതാപിതാക്കളുടെ പെൻഷനാണ് ഏക വരുമാനം. പൊളിഞ്ഞു വീഴാറായ കൂരയ്ക്ക് പകരം ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും ആദ്യ രണ്ടു ഗഡു കൊണ്ട് തറ കെട്ടി ഉയർത്താനെ കഴിഞ്ഞുള്ളൂ. തുടർപ്പണിക്കായി പണമില്ലാതെ നട്ടംതിരിയുകയാണ് കുടുംബം.
ചോർന്നൊലിക്കുന്ന വാടകവീട്ടിലാണ് പ്രവിതയുടേയും കുടുംബത്തിന്‍റേയും ജീവിതം. കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും തനിച്ചാക്കി ജോലിക്ക് പോകാനും കഴിയുന്നില്ല. വീട് നിർമാണം പൂർത്തിയാക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.