മലയാളികളുടെ പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 85-ാം പിറന്നാൾ. സിനിമയുടെ സമസ്‌ത മേഖലയിലും കയ്യൊപ്പ് ചാലിച്ച ശ്രീകുമാരൻ തമ്പി മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന പ്രതിഭ കൂടിയാണ്. മലയാളികൾക്ക് വിശേഷണങ്ങൾക്കും അപ്പുറമാണ് ശ്രീകുമാരൻ തമ്പി. ഹൃദയം കൊണ്ടെഴുതിയവയാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത് ഏറെയും.
1940 മാര്‍ച്ച് 16 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനനം. ഗാനരചയിതാവ് എന്നതിന് പുറമെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ, ടെലിവിഷൻ സീരിയല്‍ നിർമ്മാതാവ് എന്നീ നിലകളിലും ശോഭിച്ചു. മലയാള ഭാഷയുടെ തനിമയും സൗന്ദര്യവും ഒരിറ്റുപോലും ചോർന്നുപോകാത്ത 3000 ലേരെ പാട്ടുകൾ. വയലാറും ഭാസ്കരൻമാഷും ഒ.എൻ.വിയുമൊക്കെ തിളങ്ങിനിൽക്കുന്ന സമയത്താണ് ശ്രീകുമാരൻ തമ്പിയെന്ന യുവാവിന്റെ അരങ്ങേറ്റം. വ്യത്യസ്തത കൊണ്ടും ഭാഷയുടെ പ്രയോഗ ഭംഗി കൊണ്ടും ശ്രീകുമാരൻ തമ്പി വേറിട്ട് നിന്നു. പിന്നീട് സലിൽ ചൗധരിയുടെയും ആർകെ ശേഖറുടെയും ഇളയരാജയുടെയും ഈണത്തിലും തമ്പിയുടെ വരികൾ പി മലയാളികളിലേക്ക് ഒഴുകിയെത്തി. പതിനൊന്നാം വയസിൽ തുടങ്ങിയ കവിതയെഴുത്തിനും ഇന്നും കൈമോശം വന്നിട്ടില്ല.
പ്രേം നസീറിനെ നായകനാക്കി, സ്വന്തമായി നിര്‍മ്മിച്ച് 1974 ല്‍ പുറത്തെത്തിയ ചന്ദ്രകാന്തം എന്ന സിനിമയിലൂടെയാണ് സംവിധായകനായുള്ള ശ്രീകുമാരന്‍ തമ്പിയുടെ അരങ്ങേറ്റം. മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം എണ്‍പതിലേറെ സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കി. 26 സിനിമകള്‍ നിര്‍മ്മിച്ചു. നിരവധി പുരസ്കാരങ്ങളും തേടിയെത്തി. സാമൂഹിക സാംസ്കാരിക പരിസരത്ത് സ്വന്തം നിലപാട് പറയാന്‍ ഒരിക്കലും മടി കാട്ടിയിട്ടില്ല ശ്രീകുമാരന്‍ തമ്പി സിനിമയുടെ സമസ്‌ത മേഖലയിലും കയ്യൊപ്പ് ചാലിച്ച പ്രതിഭക്ക്...ഞങ്ങളുടെ പ്രിയപ്പെട്ട തമ്പി സാറിന് ജന്മ ദിന ആശംസകൾ.