കാന്‍സറെന്ന് അറിഞ്ഞ് നിലവിളിച്ച കാലത്തുനിന്ന് കരുതലോടെ ജീവിതം തിരിച്ചുപിടിച്ച ചെല്ലാനം കാട്ടിപ്പറമ്പ് സ്വദേശിനി ഓമന ബാബുവിന്‍റെ അതിജീവനത്തിന് 28 വര്‍ഷം. 97ല്‍ കാന്‍സറിനെത്തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കംചെയ്ത ഓമന തിരിച്ചുവരവിന്‍റെ വഴിയില്‍ കാന്‍സര്‍ബാധിതരായ നിരവധിപേര്‍ക്ക് ആശ്വാസവും സഹായവുമായി. കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറികൂടിയായ ഒാമന ബാബുവിന്‍റെ വാക്കുകള്‍ പ്രചോദനമാകുന്നത് നിരവധിപേര്‍ക്കാണ്.
97 സെപ്റ്റംബറിലാണ് ഒാമനയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഒരു കുഞ്ഞുണ്ടാകാന്‍വേണ്ടിയുള്ള ചികില്‍സയ്ക്കിടെ ഗര്‍ഭപാത്രത്തില്‍ ജന്മംകൊണ്ടത് കാന്‍സര്‍. വയറുവേദനയുമായി സമീപത്തെ ക്ളീനിക്കില്‍ ചികില്‍സ തേടിയ ഒാമനയെ സംശയത്തിന്‍റെ പുറത്താണ് എറണാകുളത്തെ ആശുപത്രിയിലേക്ക് റഫര് ചെയ്തത്. കാന്‍സര്‍ സ്പെഷലിസ്റ്റായ ഡോക്ടറുടെ മുറിക്ക് മുന്നില്‍ നിലവിളിയായി ആ ദിവസം.
വീണ് കിടപ്പായ ഭര്‍ത്താവിന്‍റെ ചികില്‍സയുമായി ബുദ്ധിമുട്ടുന്ന നാളുകള്‍. രക്ഷപ്പെടുമെന്ന ഡോക്ടറുടെ ഉറപ്പിലും സാമ്പത്തികപ്രതിസന്ധിയില്‍ ഓമന ചികില്‍സ വൈകിപ്പിച്ചപ്പോള്‍ ഇടപെട്ടത് ഡോക്ടര്‍. ആ ഇടപെടല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട കാന്‍സര്‍ ബാധിതരുടെ അതിജീവനത്തിന് തുണയേകാന്‍ ഓമനയ്ക്ക് പ്രേരണയായി. അതിജീവനത്തിന്‍റെ വഴി ഇരുപത്തിയെട്ടുവര്‍ഷം പിന്നിട്ടിരിക്കുന്നു. അതിജീവനപാതയില്‍ പലര്‍ക്കും തണലായി ഓമനയുടെ യാത്ര തുടരുന്നു.