കാസർകോടിന്റെ ഖ്യാതി രാജ്യന്തര തലത്തിലേക്കുയർത്തിയ തളങ്കരത്തൊപ്പി ഓർമയാകുന്നു. തൊപ്പി നിർമാണത്തിലൂടെ ജീവിതവരുമാനം ലഭിക്കാത്തതും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് കാരണം.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് പൈതൃകപ്പട്ടികയിൽ ഇടം നേടിയ തളങ്കര തൊപ്പിക്ക്. ഒരുകാലത്ത് തളങ്കരയിലെ മിക്ക കുടുംബ ങ്ങളുടെയും ഉപജീവന മാർഗമായിരുന്നു. കടൽ കടന്ന് വിദേശരാജ്യങ്ങളിലും തൊപ്പിക്ക് പ്രചാരമേറി. ക്രമേണ നിർമാണം ഒരു കുടുംബത്തിലേക്ക് മാത്രമായി ചുരുങ്ങി. എന്നാൽ ഇപ്പോൾ തൊപ്പിയുടെ നിർമാണം പൂർണമായും നിലച്ചു.
2018-ൽ സംസ്ഥാന പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയ ശേഷം സാമ്പത്തികസഹായമുൾപ്പെടെ സർക്കാർ വാഗ്ദാനം ചെയ്തെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. തളങ്കര തൊപ്പി കാലത്തിന്‍റെ കുത്തൊഴുക്കിൽ അപ്രത്യക്ഷമാകുമ്പോൾ ഒരു നാടിന്‍റെ പാരമ്പര്യം കൂടിയാണ് ഓർമയാകുന്നത്.