സാധാരണ നമ്മുടെ മന്ത്രിമാരും എം.എല്‍.എമാരുമൊക്കെ എയറിലായെന്നു കേട്ടാല്‍ ജനം കരുതുന്നതു പോലെയല്ല. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ശരിക്കും എയറില്‍ കയറി. പക്ഷേ ഇത് ട്രോളിലല്ല, ഒറിജിനല്‍ ആകാശം തന്നെ. വാഗമണിലാണ് മന്ത്രി പാരാഗ്ലൈഡിങ് നടത്തി അവിസ്മരണീയമായ അനുഭവം ആസ്വദിച്ചറിഞ്ഞത്. 3500 അടി ഉയരത്തില്‍ പറന്നുവെന്നു മന്ത്രി തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
പരിചയസമ്പന്നനായ പരിശീലകനൊപ്പമായിരുന്നു ആകാശപ്പറക്കല്‍. വാഗമണിലെ പാരാഗ്ലൈഡിങ് പ്രചാരണത്തിനു കൂടിയായാണ് മന്ത്രി തന്നെ യാത്രികനായത്. വാഗമണ്‍ കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലെ പാരാഗ്ലൈഡിങ് ഇതിനോടകം തന്നെ ടൂറിസം ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
11 വിദേശരാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികള്‍ വരെ പങ്കെടുക്കുന്ന രാജ്യാന്തര പാരാഗ്ലൈഡിങ് മല്‍സരവും സഞ്ചാരികള്‍ ഏറ്റെടുത്തു കഴിഞ്ഞു. മല്‍സരത്തിന്റെ സമാപനച്ചടങ്ങിനെത്തിയപ്പോഴാണ് മന്ത്രി തന്നെ സഞ്ചാരിയായത്. കോലാഹലമേട്ടില്‍ 3000 അടി ഉയരത്തില്‍ 10 കിലോമീറ്റര്‍ ദൂരത്തിലാണ് പാരാഗ്ലൈഡിങ് ഏരിയ. സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക പ്രമോഷന്‍ സൊസൈറ്റിയും ചേര്‍ന്നാണ് രാജ്യാന്തര പാരാഗ്ലൈഡിങ് സംഘടിപ്പിച്ചത്.