കോഴിക്കോട് അരയിടത്ത് പാലത്തിനുസമീപത്തെ വീട്ടിലെ തേപ്പുപണിക്കിടയിലാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ കെ ധനേഷ് കുമാറും, എം കെ ബിനേഷും മോഹനനെ കാണാനെത്തിയത്. അവരെ കണ്ട സന്തോഷത്തില്‍ മോഹനന്‍ സിമിന്‍റ് പുരണ്ട കൈ അവര്‍ക്കുനേരെ നീട്ടി. പിന്നാലെ സിമിന്‍റ് കാരണം കൈ പിന്നോട്ട് വലിച്ചു. എന്നാല്‍ യൂണിഫോമിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അതൊന്നും ഗൗനിച്ചില്ല സ്നേഹത്തോടെ കൈ നീട്ടി ഷേക്ക് ഹാന്‍ഡ് സ്വീകരിച്ചു. ഒപ്പം പൊലീസ് ഉദ്യേഗസ്ഥന്‍ ധനേഷിന്‍റെ മറുപടിയും 'സിമിന്‍റൊന്നും സാരമില്ലടോ.. ഇതിലും ദയനീയാവസ്ഥയിലല്ലെ തന്നെ ഞങ്ങള്‍ രക്ഷിച്ചത്.’
വര്‍ഷം 2023 ഏപ്രില്‍. എരഞ്ഞിപ്പാലത്തിന് സമീപത്തെ കെട്ടിടത്തില്‍ അബോധാവസ്ഥയില്‍ ഒരാള്‍ മരിക്കാറായ നിലയില്‍ കിടക്കുന്നെന്ന വിവരം നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തുന്നു. അന്നത്തെ സ്റ്റേഷന്‍ എഎസ്ഐയും ജനമൈത്രി ബീറ്റ് ഓഫിസറുമായ കെ ധനേഷ് കുമാറും സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എംകെ ബിനേഷും ഉടന്‍ സംഭവ സ്ഥലത്തേക്കെത്തി.
ജീവനില്ലാത്ത വിധം കണ്ണുകളടച്ച് കിടക്കുന്ന അന്‍പത് വയസില്‍ കൂടുതല്‍ പ്രായം തോന്നിക്കുന്ന മനുഷ്യന്‍. പ്രാഥമിക നിരീക്ഷണത്തില്‍ തന്നെ വില്ലന്‍ ലഹരിയാണെന്ന് പൊലീസിന് മനസിലായി. അയാളെ കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍ നിന്ന് അവര്‍ താങ്ങിയെടുത്തു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറ്റി അംഗം സലീം വട്ടക്കിണറിര്‍, ലൈജു നടക്കാവ് എന്നവരുടെ നേതൃത്വത്തില്‍ അയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാനായി പൊലീസ് വാര്‍ത്തയും നല്‍കി.
അങ്ങനെയാണ് താമരശേരി സ്വദേശി മോഹനനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. അവിവാഹിതന്‍, സ്ഥിരമായി മദ്യപാനം, കൂലിപ്പണിയാണ് തൊഴില്‍. ഉള്ളതെല്ലാം വിറ്റ് നഗരത്തില്‍ പണിയെടുത്ത് ജീവിക്കുകയായിരുന്നു. പതിയെ മോഹനെന്‍റെ ആരോഗ്യം പുരോഗതി കണ്ടു. അങ്ങനെ ചേവായൂര്‍ ഉദയം ഹോംമിലേക്ക് മാറ്റി. ഇന്ന് കൂലിപ്പണിയില്‍ ലഹരി കണ്ടെത്തി അയാള്‍ നഗരത്തില്‍ ജീവിക്കുന്നു. മദ്യപാനം ഉപേക്ഷിച്ചതോടെ സ്വന്തമായി പണം സമ്പാദിക്കാനും തുടങ്ങി. അങ്ങനെയിരിക്കെയാണ് ജീവിതത്തിലേക്ക് താങ്ങിയെടുത്ത ആ ഉദ്യോഗസ്ഥര്‍ മോഹനനെ തേടിയെത്തിയത്. അബോധവസ്ഥയില്‍ ഒന്നും ഓര്‍മിയില്ലാതിരുന്ന മോഹനെ പൊലീസ് അന്നുനടന്ന സംഭവങ്ങള്‍ പറഞ്ഞുമനസിലാക്കി.
ഒരു മനുഷ്യന്‍റെ ലഹരിയില്‍ നിന്നുള്ള അതിജീവനമാണിത്. അതിന് നിമിത്തമായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും. ഇന്നദ്ദേഹത്തിന് ജീവിതമാണ് ലഹരി. അതിലെ കയ്പേറിയ നോവും മധുരമൂറുന്ന ആനന്ദവും മോഹനന്‍ ആസ്വദിക്കുന്നു എന്നത് വ്യക്തം. അല്ലെങ്കില്‍ നിഷ്കളങ്കമായി അയാള്‍ക്ക് ഇങ്ങനെ ചിരിക്കനാവില്ലന്നെ...!