ചെറുവണ്ണൂർ ആസിഡ് ആക്രമണക്കേസിലെ പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്. മുൻ ഭാര്യ പ്രവിഷയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് മുഖം വിരൂപമാക്കാനെന്നാണ് പ്രശാന്ത് പൊലീസിന് മൊഴി നൽകിയത്. കൂടെ താമസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ആസിഡ് ഒഴിക്കാനുള്ള തീരുമാനമെടുത്തത്. പരീക്ഷണം നടത്തിയ ശേഷമാണ് ആസിഡ് ഒഴിച്ചതെന്നും പ്രശാന്ത്. ആദ്യം സ്വന്തം കയ്യിൽ ഒഴിച്ചാണ് തൊലി കരിയുമോ എന്ന് നോക്കിയത്.ഗുരുതരപൊള്ളലേൽക്കുമെന്ന് മനസ്സിലായതോടെയാണ് കൃത്യം ചെയ്യാൻ തീരുമാനിച്ചത്. ആദ്യം മൂത്തമകനെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാൽ മകൻ തയ്യാറായില്ല.
ഇതോടെ ഇയാള്‍ ആസിഡ് കുപ്പിയുമായി പ്രവിഷ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയത്. കൂടെ വരാൻ പറ്റുമോ എന്ന് അവിടെ വെച്ചും പ്രവിഷയോട് ചോദിച്ചു. എന്നാൽ അവർ വിസമ്മതിച്ചു. തുടർന്നാണ് വണ്ടിയിൽ സൂക്ഷിച്ച ആസിഡ് പുറത്തെടുത്ത് പ്രവിഷയുടെ ശരീരത്തിൽ ഒഴിച്ചതെന്നും പ്രതി.
ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ചെറുവണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന യുവതിക്കുനേരേ മുന്‍ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത്. നടുവണ്ണൂര്‍ കൂട്ടാലിട പൂനത്ത് കാരടിപറമ്പില്‍ പ്രവിഷയുടെ മുഖത്തും നെഞ്ചിനും പുറത്തുമാണ് പൊള്ളലേറ്റത്. പ്രവിഷ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.