ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ നോവലിന് പ്രസിദ്ധീകരണ അനുമതി തേടി ഭാര്യ ഷൈന മുഖ്യമന്ത്രിയെ കണ്ടു. വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് ഷൈന മനോരമന്യൂസിനോട് പറഞ്ഞു. രൂപേഷിനെ ജയിൽമോചിതനാക്കണമെന്നത് ഉൾപ്പെടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനവും ഷൈന മുഖ്യമന്ത്രിക്ക് കൈമാറി.
കവി സച്ചിദാനന്ദൻ യുഎപിഎക്കേസിൽപ്പെട്ട് കുറച്ച് കാലം ജയിലിൽ കിടക്കുന്നതാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നോവലിന്റെ ഇതിവൃത്തം. നോവലിന്റെ കൈയ്യെഴുത്ത് പ്രതി വായിച്ച് സച്ചിദാനന്ദൻ തന്നെ പ്രസിദ്ധീകരണത്തിന് അനുമതി നൽകിയെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ രൂപേഷിന്റെ ഭാര്യ ഷൈന പറയുന്നുണ്ട്. യുഎപിഎ ഉൾപ്പെടെ വിഷയങ്ങളുള്ളതിനാലാണ് ജയിൽ അധികൃതർ പ്രസിദ്ധീകരണാനുമതി നൽകാത്തത്.
രൂപേഷിനെ വീണ്ടും അതിസുരക്ഷാ ജയിലിലേക്ക് മാറ്റാൻ നീക്കം നടക്കുന്നുണ്ടെന്നും ഷൈന പറഞ്ഞു.. അങ്ങനെ മാറ്റിയാൽ രൂപേഷിന് എഴുതാനോ വായിക്കാനോ കഴിയില്ല.കഴിഞ്ഞ പത്തുവർഷമായി തടവറയിൽ കഴിയുന്ന രൂപേഷിന് ജയിൽമോചിതനാക്കണമെന്നും നിവേദനത്തിൽ ഷൈന ആവശ്യപ്പെടുന്നു.