കേന്ദ്ര സര്‍ക്കാരിന്‍റെ നിയമഭേദഗതി വൈകുന്നതിനാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍. ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരെ നേരില്‍ക്കണ്ടിട്ടും പരിഹാരമില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. നിലവിലെ കേന്ദ്രനിമയപ്രകാരം തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ നിരവധി കടമ്പകളുണ്ട്. ഈ നിയന്ത്രണങ്ങള്‍ എല്ലാം വന്നിട്ടുള്ളത് കേന്ദ്രനിമയംമൂലമാണ്.
ഇതുപ്രകാരം വെടിക്കെട്ടിന് ജില്ലാഭരണകൂടത്തിന് അനുമതി നല്‍കാന്‍ കഴിയില്ല. ഇതിനുള്ളില്‍ നിയമഭേദഗതിയോ സ്പെഷല്‍ ഉത്തരവോ ഇറക്കിയില്ലെങ്കില്‍ വെടിക്കെട്ട് പ്രതിസന്ധി മാറില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും പാറമേക്കാവ് ദേവസ്വവും പറഞ്ഞു.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ രണ്ടു മാസം മുമ്പ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ നേരില്‍കണ്ട് വെടിക്കെട്ടിന്‍റെ കാര്യം പറഞ്ഞിരുന്നു. തൃശൂരിന്‍റെ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചിരുന്നു.