കലാലയകാലത്തു സഹപാഠികളായിരുന്ന അധ്യാപകരായ ഉറ്റ സുഹൃത്തുക്കൾ ഒരേ സ്കൂളിൽ നിന്ന് ഒരേ ദിവസം ഔദ്യോഗിക ജീവിതത്തിൽ നിന്നു പടിയിറങ്ങി. ഒറ്റപ്പാലം വാണിയംകുളം ടി.ആർ.കെ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് ഇരുവരുടെയും വിശ്രമജീവിതത്തിലേക്കുള്ള പടിയിറക്കം.
1984 ൽ ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ പ്രീഡിഗ്രി പഠനകാലത്തു തുടങ്ങിയതാണു കെ.രാജീവിനും പി.ജഗദീഷിനും ഇടയിലെ ദൃഢമായ സൗഹൃദം. പ്രീഡിഗ്രിയും ഡിഗ്രിയും പിജിയുമെല്ലാം ഒരുമിച്ച്. പഠനശേഷം വാണിയംകുളം ടിആർകെ ഹയർസെക്കൻഡറി സ്കൂളിൽ ഇരുവരും ഔദ്യോഗിക ജീവിതത്തിലും ഒന്നിച്ചു. 1993 ൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി കെ.രാജീവ് ഗണിതാധ്യാപകനായി ആദ്യമെത്തി. പിന്നാലെ 96ൽ ഒറ്റപ്പാലത്തുകാരൻ ജഗദീഷും. ജോലിയിൽ പ്രവേശിച്ചതിൽ 3 വർഷത്തെ വ്യത്യാസമുണ്ടെങ്കിലും പടിയിറിക്കം ഒരുമിച്ചാണ്.
രാജീവ് ഹയർസെക്കൻഡറി പ്രിൻസിപ്പലായും ജഗദീഷ് ഹൈസ്കൂൾ പ്രധാനാധ്യാപകനുമായാണു വിരമിക്കുന്നത്. ഗണിതാധ്യാപകരായ, ഇരുവരും ഒരേസമയം സ്കൂളിൽ നിന്നു പടിയിറങ്ങുമ്പോൾ, പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സ്കൂൾ കൈവരിച്ച മികച്ച നേട്ടങ്ങൾ തിളക്കമുള്ള ചരിത്രമെന്ന പോലെ തെളിഞ്ഞു നിൽക്കും.