കമ്മിഷണറുടെ പ്ളാന്‍
മാലിന്യം ഉറവിടത്തില്‍ സംസ്കരിക്കണമെന്ന് പറയുന്നതുപോലെ രാസലഹരിയും ഉറവിടത്തില്‍ ഇല്ലാതാക്കാന്‍ ആര്‍ക്കു കഴിയും. വെല്ലുവിളികള്‍ ഏറെയുളള രാസലഹരിയുടെ ഉറവിടം കണ്ടെത്താന്‍ ജോലിത്തിരക്കിനിടയില്‍ പൊലീസും എക്സൈസുമൊന്നും മിനക്കെടാറില്ല. പക്ഷേ അങ്ങനെെയാരു ദൗത്യമാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ ഇരവിപുരം ഇന്‍സ്പെക്ടര്‍ ആര്‍.രാജീവിനെ ഏല്‍പ്പിച്ചത്. കഴിഞ്ഞമാസം ഇരുപത്തിയഞ്ചിന് വൈകിട്ടാണ് രാജീവിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം രാസലഹരിയുടെ ഉറവിടം തേടി ഡല്‍ഹിക്ക് ട്രെയിന്‍ കയറിയത്.
വഴികാട്ടിയായി ഫൈസല്‍
പൊലിസിന്റെ ഡല്‍ഹി ദൗത്യത്തിന് വഴി പറഞ്ഞുകൊടുത്ത് കാണിച്ചു കൊടുത്തത് ഫൈസലാണ്. ഇരവിപുരം പൊലീസ് റജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസിലെ പ്രതിയാണ് ഫൈസല്‍. നൈജീരിയക്കാരനില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് ഫൈസല്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫൈസല്‍ മുന്‍പ് രണ്ടു തവണ ഡല്‍ഹിയിലെത്തി എംഡിഎംഎ വാങ്ങിയിട്ടുണ്ട്. ഫൈസലിന് എംഡിഎംഎ കൈമാറിയ കാണാമറയത്തുളള മൊത്തവിതരണക്കാരനായ ആ നൈജീരിയക്കാരനെത്തേടിയാണ് പൊലീസ് സംഘം ഡല്‍ഹിക്ക് പോയത്. പ്രതിയായ ഫൈസലിനെയും ഒപ്പം കൂട്ടി. ഫൈസല്‍ മുഖേന പൊലീസ് നേരത്തെ തന്നെ ഫോണിലൂടെ സന്ദേശങ്ങള്‍ കൈമാറി നൈജീരിയക്കാരനുമായി ഡീല്‍ ഉറപ്പിച്ചിരുന്നു.
ഡീലാക്കിയത് നൂറു ഗ്രാം എംഡിഎംഎ
നേരത്തെ എംഡിഎംഎ വാങ്ങിയതിനാല്‍ നൈജീരിയക്കാരന് ഫൈസലിനെ പരിചയം ഉണ്ടായിരുന്നു. ഫൈസലിനൊപ്പം കൂട്ടാളിയായി ഒരു പൊലീസ് ഉദ്യോഗസ്ഥനും ചേര്‍ന്നു. പുതിയ വമ്പന്‍ ഇടപാടെന്ന രീതിയില്‍ ഇരുവരും ചേര്‍ന്നാണ് എംഡിഎംഎ വേണമെന്ന് പറഞ്ഞത്. നൂറു ഗ്രാം എംഡിഎംഎ വേണമെന്ന് പറഞ്ഞപ്പോള്‍ എപ്പോള്‍ വേണമെങ്കിലും തരാമെന്നായി. നൂറു ഗ്രാം എംഡിഎംഎ ആവശ്യപ്പെട്ടു. ഒരു ഗ്രാമിന് വില എണ്ണൂറു രൂപ. ആകെ എണ്‍പതിനായിരം രൂപയുടെ കച്ചവടം ഉറപ്പിച്ചു. ഇരുപത്തിയേഴിന് ഡല്‍ഹിയിലെത്തിയ പൊലീസ് സംഘത്തെ പലപ്രാവശ്യം നൈജീരിയക്കാരന്‍ വട്ടം കറക്കി. ആദ്യം പറഞ്ഞ ലൊക്കേഷന്‍ മാറ്റി മാറ്റി പറഞ്ഞുകൊണ്ടേയിരുന്നു. വീണ്ടും ഒന്നരമണിക്കൂര്‍ യാത്ര ചെയ്തപ്പോഴാണ് ഉത്തംനഗര്‍ വെസ്റ്റ് പൊലീസ് േസ്റ്റഷന്‍ പരിധിയിലെ ഹസ്തര്‍ മേഖലയിലെത്തിയത്.
നേരത്തെ ഡീല്‍ ഉറപ്പിച്ച ഫൈസലും പൊലീസ് ഉദ്യോഗസ്ഥനും നൈജീരിയക്കാരന്റെ മുന്നിലെത്തിയത്. നോട്ടുകെട്ടുകള്‍ പോലെ തോന്നിപ്പിക്കുന്ന പേപ്പറുകള്‍ കൈവശമുണ്ടായിരുന്നു. ഇത് കൈമാറുമ്പോഴേക്കും ഇന്‍സ്പെക്ടര്‍ രാജീവും മറ്റൊരു പൊലീസുകാരനും പിന്നിലൂടെയെത്തി നൈജീരിയക്കാരനെ വളഞ്ഞു. കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തോക്കു ചൂണ്ടി കീഴ്പ്പെടുത്തി. വിലങ്ങിട്ടു പൂട്ടി. തന്നെ തട്ടിക്കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് അഗ്ബെഡോ അസൂക്ക സോളമന്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. ആള്‍ക്കൂട്ടമൊന്നും കണക്കിലെടുക്കാതെ ഡല്‍ഹി പൊലീസിന്റെ സഹായമില്ലാതെയാണ് തന്ത്രപരമായി ഇരവിപുരം പൊലീസ് അഗ്ബെഡോ അസൂക്ക സോളമനെ വലയിലാക്കിയത്.
അഗ്ബെഡോ അസൂക്ക സോളമന്‍
ഇരുപത്തിയൊന്‍പതുകാരനായ അഗ്ബെഡോ അസൂക്ക സോളമന്‍ ഇന്ത്യയിലെത്തിയിട്ട് ഒരുവര്‍ഷവും മൂന്നുമാസവും കഴിഞ്ഞു. സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് ബിസിനസ് നടത്താനാണ് ഇന്ത്യയിലെത്തിയെന്നാണ് പൊലീസിനോട് പറഞ്ഞത്. ശരിക്കും എന്താണ് ഇറക്കുമതി ചെയ്തതെന്ന് വഴിയേ കണ്ടുപിടിക്കണം. യാതൊരു രേഖകളുമില്ലാതെ അനധികൃതമായി രാജ്യത്ത് തങ്ങിയ ഇയാള്‍ ഒരിക്കല്‍ പോലും പൊലീസിന്റെ പിടിയിലായിരുന്നില്ല. പുലര്‍ച്ചെ രണ്ടു മുതല്‍ പകല്‍ രണ്ടു വരെയാണ് അഗ്ബെഡോ അസൂക്ക സോളമന്റെ ഉറക്കം. ബാക്കി സമയത്താണ് ബിസിനസ്. രാജ്യത്ത് വന്‍ ലഹരി റായ്ക്കറ്റുകളുമായി നെറ്റുവര്‍ക്ക് ഉണ്ടാക്കി കോടികളുടെ ലഹരി കച്ചവടം നടത്തിയെന്നാണ് വിവരം. ഡല്‍ഹി വിട്ടൊരു സ്ഥലത്തേക്കും സോളമന്‍ യാത്ര പോയിട്ടില്ല. കേരളത്തിലുളളവര്‍ സോളമനെത്തേടി എത്തുമെങ്കിലും കേരളത്തിലേക്ക് വന്നിട്ടില്ലെന്നാണ് സോളമന്‍ പൊലീസിനോട് പറഞ്ഞത്്
സോളമനെ നിയന്ത്രിച്ചത് ഫ്രാന്‍സിസ്
അഗ്ബെഡോ അസൂക്ക സോളമനെ പൊലീസ് പിടികൂടിയെങ്കിലും രാജ്യത്തെ ലഹരിയിടപാടിന്റെ ബുദ്ധികേന്ദ്രം നൈജീരിയയിലെ ഫ്രാന്‍സിസാണ്. അറേബ്യന്‍ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കോടികളുടെ ലഹരിയിടപാട് നടത്തുന്ന രാജ്യാന്തര കുറ്റവാളിയാണ് ഫ്രാന്‍സിസ്. ഇയാളുടെ ഇന്ത്യയിലെ കച്ചവടക്കാരന്‍ മാത്രമാണ് അഗ്ബെഡോ അസൂക്ക സോളമന്‍. ഇരവിപുരം പൊലീസ് എംഡിഎംഎ ആവശ്യപ്പെട്ടപ്പോള്‍ ഫ്രാന്‍സിസ് ആണ് കരാര്‍ ഉറപ്പിച്ചത്. ഫ്രാന്‍സിസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പ്രകാരമേ സോളമന്‍ സഞ്ചരിക്കു. ഇടപാടുകാര്‍ക്ക് ലൊക്കേഷന്‍ മാപ്പ് സഹിതം കൈമാറുന്നതും ഫ്രാന്‍സിസ്. വിഡിയോ കോളിലൂടെ എല്ലാം നൈജീരിയയില്‍ നിന്നാണ് നിയന്ത്രിക്കുന്നത്. ഫ്രാന്‍സിനെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടണം.
രാസലഹരിക്കൂട്ട് തയാറാക്കുന്നത് ഡല്‍ഹിയില്‍
സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണനും, എസിപി എസ് ഷെരീഫും, ഇന്‍സ്പെക്ടര്‍ ആര്‍.രാജീവും കൂടാതെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരൊക്കെ പലവട്ടം ചോദിച്ചിട്ടും രാസലഹരിക്കൂട്ട് അഗ്ബെഡോ അസൂക്ക സോളമന്‍ വെളിപ്പെടുത്തിയില്ല. ഡല്‍ഹിയില്‍ എവിടെയാണ് ഇതിന്റെ ഉല്‍പ്പാദമെന്നും പ്രതി പറയുന്നില്ല. എംഡിഎംഎ നിര്‍മിക്കുന്നതിന്റെ ചേരുവ പറഞ്ഞുകൊടുക്കുന്നതൊക്കെ ഫ്രാന്‍സിസ് ആണെന്നാണ് സോളമന്‍ പറയുന്നത്.
ഉറവിടം തേടി എന്‍.ബി.സിയും
രാജ്യതലസ്ഥാനത്തെ ലഹരിമാഫിയയെ പൊളിക്കാന്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പൊലീസ് വിവരം കൈമാറിയിട്ടുണ്ട്. എന്‍ബിസിയുടെ അന്വേഷണത്തില്‍ കൂടുതല്‍ പ്രതികളെ പിടികൂടാന്‍ കഴിയുമെന്നാണ് വിവരം. രാസലഹരിയുമായി നൈജീരിയക്കാര്‍ ഡല്‍ഹിയില്‍ നിന്ന് നേരത്തെയും പിടിയിലായിട്ടുണ്ട്. കേരളത്തില്‍ പിടിയിലാകുന്ന പ്രതികളില്‍ കൂടുതലും ബെംഗളുരുവില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നത്. ബെംഗളുരുവിന് പുറമേയാണ് ഡല്‍ഹിയും ലഹരിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. കേരളത്തിലെ നിരവധി യുവാക്കള്‍ അഗ്ബെഡോ അസൂക്ക സോളമനില്‍ നിന്ന് എംഡിഎംഎ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ഇരവിപുരം എസ്.എച്ച്.ഒ. ആര്‍.രാജീവിനൊപ്പം സീനിയര്‍ സിവില്‍ പൊലീ്സ് ഒാഫിസര്‍ സുമേഷ്, സിപിഒമാരായ സജിന്‍, ഷാന്‍അലി, സുമേഷ് എന്നിവരാണ് പ്രതിയെ പിടികൂടാനുളള സംഘത്തിലുണ്ടായിരുന്നത്.