സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിനി ടീന മരിച്ചത് ജോലി രാജിവച്ച് മടങ്ങാനിരിക്കെ. അപകടത്തിൽ പ്രതിശ്രുത വരനും വയനാട് സ്വദേശിയുമായ അഖിലും മരിച്ചിരുന്നു. ഇരുവരും നാട്ടിലെത്തി ജൂൺ 16ന് വിവാഹം കഴിക്കാനിരിക്കെയാണ് അപകടമുണ്ടായത്. യുകെയിൽ ജോലി ചെയ്യുകയായിരുന്ന അമ്പലവയൽ ഇളയിടത്ത് മഠത്തിൽ അഖിൽ അലക്സും സൗദിയിൽ കാർഡിയാക് സെന്ററിൽ നഴ്സായ നടവയൽ നെയ്ക്കുപ്പ കാരിക്കുന്നേൽ ടീനയും ബുധനാഴ്ച വൈകീട്ട് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് സൗദി സമയം നാലുമണിക്കായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിച്ച് തീപ്പിടിക്കുകയായിരുന്നു. മരിച്ച രണ്ടു പേരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർന്നു. കഴിഞ്ഞ ഒന്നര വർഷമായി സൗദി മദീനയിലെ കാർഡിയാക് സെന്‍ററില്‍ നഴ്സായി ജോലി ചെയ്യുകയാണ് ടീന. അഞ്ചുമാസം മുമ്പാണ് ടീന അവസാനമായി നാട്ടിലെത്തിയത്. അഖിൽ യു.കെയിൽ നഴ്സ് ആണ്
അൽ ഉല സന്ദർശിച്ചതിനു ശേഷം സൗദിയിൽ നിന്നും ഒരുമിച്ച് നാട്ടിലെത്തി, വിവാഹത്തിനുശേഷം ഇരുവരും യുകെയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയായിരുന്നു അപകടം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടേയം മൃതദേഹങ്ങൾ അടുത്തയാഴ്ച നാട്ടിലെത്തിക്കും.