'ഞങ്ങള്‍ കല്ലടക്കാര് ഇങ്ങനാ.. ഉല്‍സവം വന്നാലും പെരുന്നാള് വന്നാലും ഒരുമിച്ചങ്ങാഘോഷിക്കും'...മതസൗഹാർദം വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് പറയുകയാണ് ചിറ്റുമലക്കാര്‍. കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉല്‍സവത്തില‍് വിപ്ലവഗാനം പാടിയത് വിവാദമായതിന് പിന്നാലെയാണ് ചിറ്റുമല ക്ഷേത്രോല്‍സവത്തില്‍ 'ഇസ്രയേലിന്‍ നാഥനായി വാഴുമേക ദൈവം'.. എന്ന ക്രിസ്തീയ ഭക്തിഗാനം മുഴങ്ങിയത്. ഒരു നാട് മുഴുവന്‍ ആവേശത്തോടെയാണ് അമ്പലമുറ്റത്ത് മുഴങ്ങിയ ഭക്തിഗാനത്തെ സ്വീകരിച്ചതും. പാടിയതാവട്ടെ ഗായകന്‍ മാര്‍ക്കോസും.
കൊല്ലം കിഴക്കേ കല്ലട ചിറ്റുമല ശ്രീദുർഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഒന്നാം ദിവസം ഗാനമേളയിൽ കാണികളുടെ ആവശ്യപ്രകാരമാണ് മാർക്കോസ് ക്രിസ്തീയ ഭക്തിഗാനം പാടിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഭക്തിഗാനങ്ങള്‍ മാര്‍ക്കോസ് പാടിയതിന് പിന്നാലെയാണ് സദസില്‍ നിന്ന് ഇസ്രയേലിന്‍ നാഥനായി പാടാന്‍ ആവശ്യം മുഴങ്ങിയത്. യേശുവിന്‍റെ ജനനവും അദ്‌ഭുത പ്രവര്‍ത്തനങ്ങളും കുരിശാരോഹണവും വരെയുള്ള കാലഘട്ടം പന്ത്രണ്ടു വരികളിലായി കുറിക്കപ്പെട്ടിരിക്കുന്ന ഈ പാട്ട് ജാതിമതഭേദമെന്യേ എല്ലാവരും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതാണെന്ന് നാട്ടുകാരും പറയുന്നു. ചിറ്റുമല ക്ഷേത്രോല്‍സവം ആഘോഷിക്കുന്നത് പോലെ ഒറ്റക്കെട്ടായാണ് കല്ലട വലിയപള്ളിപ്പെരുന്നാളും തങ്ങള്‍ ആഘോഷമാക്കുന്നതെന്ന് സമൂഹമാധ്യമ ചര്‍ച്ചകളില്‍ കല്ലടക്കാര്‍ കുറിക്കുന്നു.
കറ്റാനത്തെ ഓർമ പങ്കിട്ട് മധു ഗോപിനാഥൻ ഫെയ്സ് ബുക്കിൽ കുറിച്ചതിങ്ങനെ . 'പണ്ട് ഞങ്ങളുടെ കറ്റാനം പള്ളിമുറ്റത്ത് ഏഞ്ചൽ വോയ്സിന്‍റെ ഗാനമേള നടക്കുമ്പോള്‍ ചാക്കോയെന്ന ഗായകൻ തന്‍റെ ഹിറ്റായ "പള്ളിക്കെട്ട് ശബരിമലക്ക്" പാടുന്നതു കേൾക്കാൻ കാത്തിരിക്കുന്ന ആരാധകരെ ഓർമവന്നു . നമ്മളിങ്ങനൊക്കെയായിരുന്നു, ഇങ്ങനൊക്കെയാണ് ,ഇങ്ങനൊക്കെ ആയിരിക്കണം. അങ്ങനെ നാടിന്‍റെ ഐക്യവും സ്നേഹവും മതസൗഹാർദവും പങ്കുവയ്ക്കുകയാണ് എല്ലാവരും.