ajeesh-kumar-international

350 ബൈക്കും അഞ്ച് കാറും ഒരാളുടെ ശരീരത്തിലൂടെ കയറിയിറങ്ങുന്നു, അതും ചുരുങ്ങിയ സമയത്തിനുള്ളില്‍. ചിന്തിക്കാനാകുമോ...ഒരു വര്‍ഷത്തെ പരീശീലനം നല്‍കിയ ആത്മവിശ്വാസമാണ് കോഴിക്കോട് എലത്തൂര്‍ സ്വദേശി അജീഷ് കുമാറിനെ ഈ സാഹസികതയിലെത്തിച്ചത്. ലഭിച്ചതോ 2024ലെ ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്. കരാട്ടെ മാസ്റ്ററായ അജീഷ് മാത്രമല്ല മകള്‍ ആറാം ക്ലാസുകാരി അരുന്ധതിയും, ശിഷ്യ പത്താംക്ലാസുകാരി അനാമികയും ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു.

ajeesh-family

അരുന്ധതി 36 സെക്കന്‍റില്‍ 420 ടൈല്‍സും, അനാമിക 25 മിനുറ്റില്‍ 170 മണ്‍കുടങ്ങളും കാലുകൊണ്ട് അടിച്ചുതകര്‍ത്തു. 30 വര്‍ഷമായി അജീഷ് കരാട്ടെ പരിശീലിക്കുന്നു. ഗുരുവായ വെസ്റ്റ്ഹില്‍ സ്വദേശി ദിലീപ്കുമാറാണ് ഈ സാഹസികതയ്ക്ക് പിന്നില്‍. ഗുരു നല്‍കിയ ആത്മധൈര്യവും, പിന്തുണയും പരിശീലനവുമാണ് നേട്ടത്തിന് പിന്നിലെന്ന് അജീഷ് പറയുന്നു. ഒരു വര്‍ഷം നീണ്ട പരിശീലനമാണ് സാഹസികതയ്ക്ക് കരുത്തായത്.

മണ്ണുമാന്തി യന്ത്രത്തിന്‍റെ വലിയ ടയര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുക, പാചകവാതക സിലിണ്ടര്‍ കൊണ്ട് വയറില്‍ അടിക്കുക തുടങ്ങി അതികഠിനമായിരുന്നു പരിശീലനം. ചെറിയൊരു പിഴവ് സംഭവിച്ചാല്‍ നട്ടെല്ലിന് വരെ ക്ഷതമേല്‍ക്കാനും സാധ്യതയുണ്ട്. എന്നാല്‍ സ്വയം ജയിക്കണമെന്ന ഇച്ഛാശക്തിയാണ് ഈ കരാട്ടെ മാസ്റ്ററുടെ നേട്ടത്തിന് പിന്നില്‍. കര്‍ണാടക പൊലീസിനും അജീഷ് പരിശീലനം നല്‍കുന്നുണ്ട്. കരാട്ടെയില്‍ മൂന്ന് ഇനങ്ങളില്‍ ഇന്‍റര്‍നാഷണല്‍ റെക്കോര്‍ഡ് നേടി ചരിത്രംകുറിച്ചതിലെ സന്തോഷത്തിനൊപ്പം ഇനിയും പുതുമകള്‍ കണ്ടെത്തി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കരാട്ടെ കുടുംബം. 

ENGLISH SUMMARY:

Ajeesh Kumar from Kozhikode sets a new record with 350 bikes and five cars passing over his body. His daughter Arunadhathi and student Anamika also make it to the 2024 International Book of Records.