birth-award

ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ ഏതേലും കോളജിലെ ബിരുദ ദാന ചടങ്ങാണെന്ന് കരുതും, ഒന്നൂടെ സൂക്ഷമമായി ശ്രദ്ധിച്ചാല്‍ മനസിലാകും ‘വീട്ടിലെ പ്രസവം’ അവാർഡ് ദാന ചടങ്ങാണെന്ന്. വീട്ടിൽ അക്യൂ മാസ്റ്റർമാരുടെ സഹായത്തോടെ പ്രസവം നടത്തിയ ധീര വനിതകളെ ആദരിക്കുകയാണെന്നാണ് വിഡിയോയില്‍ പറയുന്നത്. മുഖം മറച്ചാണ് പലരും അവാര്‍ഡ് വാങ്ങാനെത്തുന്നത്. ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ  നടപടി ആവശ്യപ്പെട്ട് വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിഡിയോ സൈബറിടത്ത് പ്രചരിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശി അസ്മയുടെ പ്രസവം കഴിഞ്ഞ് രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് അസ്മയുടെ കുടുംബം ആരോപിച്ചു. മരണത്തില്‍ പരാതിയുണ്ടെന്നും കുടുംബം പറഞ്ഞു. അസ്മയുടെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത് ഭാര്യ വീട്ടുകാരെ അറിയിക്കാതെയാണ്. ആലപ്പുഴയിലുള്ള ഒരു ബന്ധുവില്‍നിന്നാണ് മരണവിവരം അറയ്ക്കപ്പടിയിലെ വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിക്കുകയായിരുന്നു. ഈ ഉറപ്പിലാണ് ആംബുലന്‍സ് അസ്മയുടെ വീട്ടിലെത്തിച്ചത്. 

ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സിറാജുദ്ദീന്റെ പ്രതികരണങ്ങളില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായി. അവര്‍ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തത് ചോദ്യംചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേര്‍ക്ക് വീതം പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് എത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. സിറാജുദ്ദീനൊപ്പം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിലായിരുന്നു അസ്മയും കുടുംബവും താമസിച്ചിരുന്നത്. ആത്മീയചികിത്സകനും മതപ്രഭാഷകനുമാണെന്ന് അവകാശപ്പെടുന്ന സിറാജുദ്ദീന് അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രസവവും യുവതിയുടെ മരണവുമൊന്നും മറ്റാരും അറിഞ്ഞില്ല.

അസ്മ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍, വീട്ടില്‍ പതിവുസന്ദര്‍ശനത്തിനെത്തിയ ആശവര്‍ക്കറോടുപോലും ഗര്‍ഭമില്ലെന്നാണു പറഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി നാട്ടുകാര്‍ അറിയാതെ പുറത്തുനിന്നുള്ള കൂട്ടുകാരെ വിളിച്ചുവരുത്തി, കുട്ടികളെയുംകൂട്ടി അസ്മയുടെ മൃതദേഹവുമായി പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു. പായയില്‍ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴോടെ പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ വീട്ടിലെത്തിച്ചത്. നവജാതശിശുവിന്റെ ശരീരത്തില്‍ പ്രസവസമയത്തെ രക്തംപോലും തുടച്ചുമാറ്റാത്ത നിലയിലായിരുന്നുവെന്ന് അസ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ENGLISH SUMMARY:

A viral video has shocked social media users, showing what initially appears to be a graduation ceremony. However, on closer inspection, it turns out to be an award event honoring women who gave birth at home, assisted by traditional birth attendants. The video shows several women, some with their faces covered, receiving awards for delivering babies at home. The controversial event has triggered widespread criticism, with many demanding action against those organizing such ceremonies, citing potential risks to maternal and child health.