കണ്ണൂരിലെ പ്രശസ്തമായ കുറ്റ്യാട്ടൂര്‍ മാമ്പഴ വിപണി ഇക്കുറിയും സജീവം. പഴുത്ത് തുടുത്ത മാമ്പഴത്തിന് പണ്ടുകാലം മുതലേ പേരും പ്രശസ്തിയും ഏറെയാണ്.
കണ്ണൂരിന്‍റെ രുചിക്കൂട്ടത്തിലേക്ക് കുറ്റ്യാട്ടൂരിന്‍റെ പങ്ക്.. അതാണീ മാമ്പഴം. കുറ്റ്യാട്ടൂരിലെ ഓരോ വീട്ടിലും ഒരു മാവെങ്കിലും കാണും. മാമ്പഴങ്ങളുടെ നാടെന്ന പേര് വരെയുണ്ട് കുറ്റ്യാട്ടൂരിന്. ഇക്കുറിയും വിളവെടുപ്പ് സജീവം. വീട്ടാവശ്യത്തിനും വില്‍പനയ്ക്കും വരെ കൊണ്ടുപോവും. ഒരിക്കല്‍ രുചിച്ചാല്‍ പിന്നീടാ രുചി മറക്കില്ല. അങ്ങനെ പേരുകേട്ടതാണ് കുറ്റ്യാട്ടൂര്‍ മാങ്ങ. നമ്പ്യാര്‍ മാങ്ങയെന്നും വിളിപ്പേരുണ്ട്.
പാട്ടത്തിനെടുത്ത മാവുകളില്‍ നിന്ന് ശേഖരിച്ച് പഴുപ്പിച്ചാണ് വില്‍പന. കുറ്റ്യാട്ടൂര്‍ ചട്ടുകപ്പാറയിലെ ഇന്ദിരയുടെ വീട്ടുമുറ്റത്താകെ മാമ്പഴങ്ങള്‍ നിറഞ്ഞു. വീടും പരിസരവും മാമ്പഴ രുചിയുടെ മണം പരന്നു. കുറ്റ്യാട്ടൂരിന്‍റെ തനതു രുചി തേടി ജില്ലയ്ക്ക് പുറത്തുനിന്ന് വരെ ആളെത്താറുണ്ടീ നാട്ടിന്‍പുറത്ത്. കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്‍റെ വിവിധയിടങ്ങളില്‍ വേനലായാല്‍ കച്ചവടം നിറയുന്നതാണ് പതിവുരീതി. എന്നാല്‍ മുന്‍കാലങ്ങളേക്കാള്‍ ഇത്തവണ വിളവ് കുറഞ്ഞു. മാവ് പൂവിട്ടപ്പോള്‍ പെയ്ത മഴയത്രേ വില്ലനായത്.