nidhi-baby-girl

കൊച്ചിയില്‍ ജാര്‍ഖണ്ഡ് ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ നാളെ ശിശുക്ഷേമ സമിതിക്ക് കൈമാറും. ജനറല്‍ ആശുപത്രിയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യം മെച്ചപ്പെട്ടു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെയാണ്  ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ തീരുമാനമായത്. നിധിയെന്നാണ് പെണ്‍കുഞ്ഞിന് ആരോഗ്യമന്ത്രി വീണ ജ‍ോര്‍ജ് പേരുനല്‍കിയത്.

ഇക്കഴിഞ്ഞ ജനുവരി 29നാണ് കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയില്‍ ബേബി ഓഫ് രഞ്ജിതയെന്ന പേരില്‍ നിധി പിറന്നത്. കോട്ടയത്തെ ഫിഷ്ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളായ മംഗളേശ്വറിന്റേയും രഞ്ജിതയുടേയും കുഞ്ഞാണ്. പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്ത് ട്രെയിനില്‍വച്ച് രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 29ന് ആശുപത്രിയില്‍ രഞ്ജിത പെണ്‍കുഞ്ഞിനു ജന്‍മം നല്‍കി. 

28ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലെ എന്‍ഐസിയുവിലേക്ക് മാറ്റി. അമ്മ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നു. അച്ഛന്‍ രണ്ടിടത്തും മാറിമാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് അമ്മയെ 31ന് ജനറല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അന്നുവരെ മകളെ കാണാന്‍ ആശുപത്രിയിലെത്തുമായിരുന്ന അച്ഛന്‍ പിന്നെ വന്നില്ല. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങി. ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും ജാര്‍ഖണ്ഡില്‍ എത്തിയെന്ന എസ്എംഎസ് സന്ദേശം മാത്രമായിരുന്നു മറുപടി. കുഞ്ഞിനെ വേണ്ടെന്ന് ഇവര്‍ പിന്നീട് ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. 

പൊലീസിനു വിവരം കൈമാറിയപ്പോള്‍ ശിശുക്ഷേമവകുപ്പിനെ അറിയിക്കാനായിരുന്നു നിര്‍ദേശം. ഇതോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് സമിതി അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ട് എന്‍ഐസിയുവില്‍ നിന്നും മാറ്റിയതോടെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.

ENGLISH SUMMARY:

Nidhi, the baby girl abandoned by her Jharkhand-native parents in Kochi, will be placed under the care of the Child Welfare Committee after parents refused to take her back.