അവധിക്കാലത്ത് മൊബൈലിലെ ഗെയിമുകളിൽ മുഴുകുന്ന കുട്ടികളെ കളിസ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണ് ഓർത്തഡോക്സ് സഭയുടെ ഇടുക്കി മെത്രാപ്പൊലീത്ത. സഖറിയ മാർ സേവേറിയോസ്. കുട്ടികൾക്കുള്ള കളിസാധനങ്ങൾ മെത്രാപ്പൊലീത്ത തന്നേ നേരിട്ട് കടയിൽ പോയി വാങ്ങുകയായിരുന്നു.
വലിയ നോമ്പ് കാലത്തെ ഭവനസന്ദർശന സമയത്ത് ഫുട്ബോൾ വേണമെന്ന ആവശ്യവുമായി ജെറിൻ ജയിംസ് എന്ന കുട്ടി എത്തിയതോടെയാണ് ഇങ്ങനെ ഒരു ചിന്ത തുടങ്ങിയത്. പിന്നാലെ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇടുക്കിയിലെ കുട്ടികളുടെ കളിക്കളങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും അറിയിക്കാൻ ആവശ്യപ്പെട്ട് ഒരു പോസ്റ്റ് അദ്ദേഹം ഇട്ടു. അവിടെ നിന്ന് ലഭിച്ച വിവരങ്ങളുമായി ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ്, ബോൾ, ബാഡ്മിന്റൺ സെറ്റ് തുടങ്ങിയ കളിസാധനങ്ങൾ വാങ്ങിയത്.
‘‘മതവും രാഷ്ട്രീയവും ഒക്കെ വല്ലാതെ കളിക്കുന്ന ഈ കാലത്ത് മനുഷ്യരായി ഇടപഴകാൻ കുട്ടികൾക്കെങ്കിലും കഴിയട്ടെ. നമ്മൾ മുതിർന്നവരുടെ വിവരംകെട്ട കളികൾ കൊണ്ട് വെളിച്ചം കെട്ടുപോകുന്ന നാടിന് അതാണ് നല്ലതെന്ന് തോന്നിപ്പോകുന്നു’’ അദ്ദേഹം എഴുതി.
കുറിപ്പിന്റെ പൂര്‍ണരൂപം:
‘നാലു ദിവസങ്ങൾക്കു മുമ്പ് നമ്മുടെ കമ്പംമെട്ട് പള്ളിയിലെ ഭവന സന്ദർശനത്തിന് ഇടയിലാണ് ജെറിൻ ജയിംസ് ഒരാവശ്യം ഉന്നയിച്ചത്. ചോദിച്ചത് മറ്റൊന്നുമല്ല, ഞങ്ങൾക്ക് അവധിയായി, ഒരു ഫുട്ബോൾ വാങ്ങിക്കണം. കുറച്ചു പൈസ തരുമോ? സത്യത്തിൽ അതാണ് സ്പാർക്. മൊബൈലിനു പുറത്ത് കളിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് ഒരു കൂട്ടായാലോ എന്നൊരിത്. പിന്നെ, ഇതൊരു ലഹരിവിരുദ്ധ സമര രീതി കൂടെയാണല്ലോ! അങ്ങനെയാണ് നമ്മുടെ ചലഞ്ച് രൂപപ്പെടുന്നത്.
നമ്മുടെ തന്നെ പകുതിയിലധികം ദേവാലയങ്ങളുടെ ചുറ്റുവട്ടത്തുള്ള പൊതു കളിസ്ഥലങ്ങളിൽ കുട്ടികൾ ഇങ്ങനെ കളിക്കുന്നുണ്ട്. അവർ ആവശ്യപ്പെട്ടതെല്ലാം വാങ്ങിയിട്ടുണ്ട്. കുട്ടികൾ കളിക്കട്ടെ. മതവും രാഷ്ട്രീയവും ഒക്കെ വല്ലാതെ കളിക്കുന്ന ഈ കാലത്ത് മനുഷ്യരായി ഇടപഴകാൻ കുട്ടികൾക്കെങ്കിലും കഴിയട്ടെ. നമ്മൾ മുതിർന്നവരുടെ വിവരംകെട്ട കളികൾ കൊണ്ട് വെളിച്ചം കെട്ടുപോകുന്ന നാടിന് അതാണ് നല്ലതെന്ന് തോന്നിപ്പോകുന്നു’