സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ വീണ വിജയനെ പ്രതി ചേര്‍ത്തതിനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കേസിനെ അത്ര ഗൗരവത്തില്‍ കാണുന്നില്ലെന്നും, എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടത് എന്‍റെ രക്തമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ബിനീഷിന്‍റെ കേസില്‍ നിന്ന് വ്യത്യസ്തമാണ് വീണയുടെ കേസ്.  ബിനീഷിന്‍റെ കാര്യത്തില്‍ കോടിയേരിയെപ്പറ്റി പരാമര്‍ശം ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കേസില്‍ എന്‍റെ മകള്‍ എന്ന് പറഞ്ഞാണ് എന്നെ ആക്രമിക്കുന്നത്. അതു തന്നെയാണ് വ്യത്യാസം. പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെയും ലക്ഷ്യമെന്തെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നെ ഇതൊന്നും ബാധിക്കില്ലെന്ന് ആദ്യം മനസിലാക്കുക. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. നിങ്ങള്‍ക്ക് വേണ്ടത് എന്‍റെ രക്തമാണ്. അതത്ര വേഗം കിട്ടുന്നൊരു കാര്യമല്ല. മകള്‍ക്ക് അവര്‍ നല്‍കിയ പ്രതിഫലം കള്ളപ്പണമല്ല, ഇന്‍കം ടാക്സും ജിഎസ്ടിയും അടച്ചതാണ്. അത് മറച്ചുവെയ്ക്കുകയാണ്. എന്നിട്ടാണ് നല്‍കാത്ത സേവനം എന്ന് പറഞ്ഞുപരത്തുന്നത്. എന്‍റെ രാജി വരുമോയെന്ന് നോക്കി നില്‍ക്കുകയാണ്. അത് മോഹിച്ചു നിന്നോളൂവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.