വിഷയം വ്യത്യസ്തമാണെങ്കിലും സ്വന്തം പൂർവ വിദ്യാർഥിക്കു മുന്നിൽ അധ്യാപിക വിദ്യാർഥിയായ മാറിയ കഥ തൃശൂർ പഴയന്നൂരിലുണ്ട്. ഇവിടെ കണക്ക് ടീച്ചറെയും അവരെ തിരുവാതിര പഠിപ്പിച്ച വിദ്യാർഥിയെയും നമുക്ക് പരിചയപ്പെടാം. അപ്രതീക്ഷിതമായ കണ്ടുമുട്ടലിലൂടെ ടീച്ചറുടെ സ്വപ്നം വിദ്യാർഥി സാക്ഷാത്കരിക്കുകയായിരുന്നു. 

റിട്ടയർ ചെയ്തപ്പോഴാണ് സുജാത ടീച്ചർക്ക് തിരുവാതിര പഠിക്കണമെന്ന മോഹമുദിച്ചത്. പിന്നെ പറ്റിയ ഗുരുവിനുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. നാടുമുഴുവൻ തപ്പിനടന്നപ്പോൾ കിട്ടിയതോ തന്‍റെ പൂർവ വിദ്യാർഥി ജയശ്രീയെ. തന്നെ കണക്കു പഠിപ്പിച്ച ടീച്ചറെ ജയശ്രീ അല്പം പണിപ്പെട്ടാണെങ്കിലും കണക്കിനുതന്നെ തിരുവാതിര പഠിപ്പിച്ചു. 

അടിയും നുള്ളുമമൊക്കെ കൊടുത്തോ എന്നറിയില്ല. എന്തായാലും ജയശ്രീയ്ക്ക് മുന്നിൽ ശരിക്കും ശിഷ്യപ്പെട്ടതോടെ സുജാതയ്ക്കു പഠനം അത്ര പ്രയാസമായില്ല. പെട്ടെന്നു തന്നെ പുതിയ ടീച്ചറിൽനിന്ന് സുജാതയും സംഘവും തിരുവാതിര പഠിക്കുകയും പിന്നാലെ കളിക്കുകയും ചെ്യതു. 

ശിഷ്യയുടെ ശിഷ്യത്വം വാങ്ങിച്ച സുജാത ടീച്ചർക്ക് ഒരേസമയം സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമായിരുന്നു അത്. 59 വയസിൽ തിരുവാതിര പഠിച്ച സുജാതയ്ക്ക് പ്രായം ഒരു പ്രശ്നമാകാതിരുന്നത് താൻ നാലാം ക്ലാസിൽ പഠിപ്പിച്ച ആ വിദ്യാർഥിനി കൂടെ ഉള്ളതുകൊണ്ടായിരുന്നു.

ENGLISH SUMMARY:

In Pazhayannur, Thrissur, there's a touching story of a teacher who became a student before her own former pupil. Here, we meet a former mathematics teacher and the student who once learned Thiruvathira from her — now turned teacher. Through an unexpected reunion, the student helped fulfill the long-cherished dream of her teacher.