ബുധനാഴ്ചയാണ് ഒരു പൂച്ചകാരണം വടക്കന്‍ പറവൂര്‍ ആലങ്ങാട് നീറിക്കോട് നെടുകപിള്ളി ജോഷി കിണറ്റിലകപ്പെട്ടത്. വീട്ടില്‍ സ്ഥിരമായി എത്തുന്ന പൂച്ച ഉച്ചയ്ക്ക് വീടിന്‍റെ ടെറസിലായിരുന്നു. ചെടികള്‍ക്കിടയിലൂടെ പാഞ്ഞു നടന്ന പൂച്ചയെ ജോഷി ഓടിച്ചു. താഴെയ്ക്ക് കിണറിന്‍റെ കെട്ടിലേക്ക് ചാടിയ പൂച്ച പക്ഷെ കാലുതെറ്റി വീണത് കിണറ്റില്‍.
ഓടി താഴെയെത്തിയ ജോഷി പൂച്ചയെ രക്ഷിക്കാന്‍ ശ്രമം തുടങ്ങി. ആദ്യം ബക്കറ്റിട്ട് പൂച്ചയെ മുകളില്‍ കയറ്റാനായിരുന്നു ശ്രമം. എത്ര ശ്രമിച്ചിട്ടും വെള്ളത്തില്‍ വീണ പൂച്ചയ്ക്ക് ബക്കറ്റില്‍ കയറാനായില്ല. ഇതോടെ പൂച്ചയെ കിണറ്റിലിറങ്ങി രക്ഷിക്കാന്‍ ജോഷി തീരുമാനിച്ചു. കൂടുതല്‍ ആലോചനയ്ക്ക് നില്‍ക്കാതെ നല്ല ആഴമുള്ള കിണറ്റിലേക്ക് പ്ലാസ്റ്റിക് കയര്‍ അരയില്‍കെട്ടിയാണ് ജോഷി ഇറങ്ങിയത്.
താഴെ എത്തി വെള്ളത്തിലിറങ്ങിയതോടെ ജോഷിക്ക് ശ്വാസതടസമുണ്ടായി ശരീരം തളര്‍ന്നു. ഒച്ചയെടുക്കാന്‍ പോലുമാകാതെ നിസഹായനായ ജോഷിയുടെ രക്ഷയ്ക്കെത്തിയത് ഭാര്യ സുലോചനയാണ്. ഭര്‍ത്താവിനെ കാണാതെ വന്നതോടെ സുലോചനയുടെ അന്വേഷണം കിണറ്റിന്‍കരയിലാണ് എത്തി നിന്നത്. കിണറ്റില്‍കിടക്കുന്ന ജോഷിയെ കണ്ട് സുലോചന ആദ്യമൊന്നുഭയന്നു. പിന്നീട് നാട്ടുകാരെ വിളിച്ചുവരുത്തി. ജോഷിയെ പുറതെത്തിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ അഗ്നിരക്ഷാസേനയെത്തി. അവരിറക്കിയ കയര്‍വലയില്‍ കയറിയാണ് ജോഷി കിണറിന് പുറതെത്തിയത്. ജോഷിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പൂച്ചയ്ക്ക് എന്തുപറ്റിയെന്നല്ലെ. കിണറ്റില്‍ വീണ പൂച്ച അധികം താമസിയാതെ തന്നെ ചത്തു.