ആഗ്രഹിച്ചു മോഹിച്ച് പി.എസ്.സി പരീക്ഷ എഴുതാൻ വന്ന ഉദ്യോഗാർഥിയുടെ ഹാൾ ടിക്കറ്റ് പരുന്ത് റാഞ്ചിയാലോ. അങ്ങനൊരു സംഭവും കാസര്‍കോട് ഗവണ്‍മെന്‍റ് യു.പി സ്കൂളില്‍ നടന്നു. അരമണിക്കൂറാണ് അധ്യാപിക നിന്നുരുകിയത് . ചെറുതായി ഒന്ന് പേടിപ്പിച്ച ശേഷം ഹാൾ ടിക്കറ്റ് തിരികെയിട്ട് പരുന്ത് പാറി.
സ്ഥാനക്കയറ്റത്തിനായുള്ള പി.എസ്.സി പരീക്ഷക്കായി കാസർകോട് യു.പി. സ്കൂളിൽ എത്തിയതായിരുന്നു അധ്യാപിക. രാവിലെ ബാഗിൽ നിന്ന് ഹാൾ ടിക്കറ്റുമെടുത്ത് പരീക്ഷാ ഹാളിലേക്ക് പോകുമ്പോഴാണ് സംഭവം. പറന്നെത്തിയ പരുന്ത് അധ്യാപികയുടെ കയ്യിലെ ഹാൾ ടിക്കറ്റുമായി മുങ്ങി.
ഹാൾടിക്കറ്റുമായി പരുന്ത് രണ്ടാം നിലയിലെ ജനലിൽ. അധ്യാപികയും മറ്റ് ഉദ്യോഗാർഥികളും പരുന്തിന് പുറകെ. നിമിഷങ്ങൾ കടന്നുപോയി. നോ രക്ഷ. പരീക്ഷ എഴുതാൻ കഴിയുമോയെന്ന ടെൻഷനിൽ അധ്യാപിക. ഒടുവിൽ പരുന്ത് കനിഞ്ഞു. പരീക്ഷ തുടങ്ങാൻ മിനിറ്റുകൾ ശേഷിക്കേ ഹാൾടിക്കറ്റ് നിലത്തിട്ടു. ഹാൾ ടിക്കറ്റ് കിട്ടിയ ആശ്വാസത്തിൽ അധ്യാപിക പരീക്ഷ ഹാളിലേക്ക്. സ്കൂളിലെ നിത്യ സന്ദർശകനാണ് പരുന്ത്. കുട്ടികളുടെ പേനകൾ എടുത്തുകൊണ്ട്പോകുന്നത് നിത്യസംഭവവും. പക്ഷെ ഇതാദ്യമായാണ് ഇങ്ങനൊരു പണി.