തിരക്കുള്ള റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ ചെറിയ തട്ടലും മുട്ടലും ഉണ്ടാകാറുള്ളത് സ്വഭാവികമാണ്. എന്നാല്‍ മനപ്പൂര്‍വ്വം റോഡ് നിയമം എല്ലാം തെറ്റിച്ച് വാഹനത്തില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയാലോ, അത്തരം ഒരു സംഭവമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. പൊലീസ് എന്നെഴുതിയ വാഹനം ഒരു കാറില്‍ തട്ടി നിര്‍ത്താതെ പോകുമ്പോള്‍ ഡ്രൈവര്‍ തടഞ്ഞ് വിഡിയോ പകര്‍ത്തുന്നതും പൊലിസുകാരന്‍ തര്‍ക്കിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
‘നിങ്ങള്‍ക്ക് നിയമം തെറ്റിക്കാനൊന്നും അവകാശമില്ലാ സാറെ, ഇടത് സൈഡിലൂടെയാണോ ഓവര്‍ ടേക്ക് ചെയ്യുന്നെ, എന്നിട്ട് ന്യായീകരിക്കരുത് സാറെ, ഒരു മാസം ആയിട്ടുള്ളു ഞാന്‍ വണ്ടി എടുത്തിട്ട്’, എന്ന് കാറിന്‍റെ ഡ്രൈവര്‍ പറയുന്നുണ്ട് എന്നാല്‍ വണ്ടിയില്‍ ഡിവൈഎസ്പിയാണെന്നും വാഹനം ആയാല്‍ തട്ടും മുട്ടും ഉണ്ടാവും എന്ന് പറഞ്ഞ് പൊലീസുകാരന്‍ ന്യായീകരിക്കുകയാണ്. തന്‍റെ ഭാഗത്തെ തെറ്റ് ചൂണ്ടികാട്ടിയിട്ടും അയാള്‍ അത് ചെവികൊള്ളുന്നില്ല.
യൂണിഫോമില്‍ എന്തും ആകാം എന്നാണ് ഇവരുടെ വിചാരം, ഇടതു വശം കൂടി ഓവർടേക്ക് ചെയ്യുമ്പോൾ വണ്ടി തട്ടിയിട്ട് ഉളുപ്പുണ്ടോ പോലീസുകാരാ നിനക്ക് ന്യായീകരിക്കാൻ, എന്നിങ്ങനെ പോകുന്നു വിഡിയോയുടെ കമന്‍റുകള്‍. നിരവധി പേരാണ് വിഷയത്തില്‍ രോക്ഷം കമന്‍റായി രേഖപ്പെടുത്തുന്നത്.