വിഷുക്കാലമെത്തിയതോടെ കണി വിഭവങ്ങള്‍ക്കും ഡിമാന്‍റ് കൂടി. അതില്‍ പ്രധാനിയാണ് കോഴിക്കോട് പെരുമണ്ണയിലെ കണിവെള്ളരി. മഴ പ്രതികൂലമായെങ്കിലും ഉള്ള ലാഭത്തില്‍ വിഷു ആഘോഷിക്കാനൊരുങ്ങുകയാണ് കര്‍ഷകരും.
പച്ചപുതച്ച പാടത്ത് സ്വര്‍ണനിറത്തില്‍ പടര്‍ന്നുകേറിയ കണിവെള്ളരി വീണ്ടുമൊരു വിഷുക്കാലമെത്തിയെന്നതിന്‍റെ പ്രതീകമാണ്. മൂന്ന് മാസത്തെ പ്രതീക്ഷയുടെ വിളവെടുപ്പാണിത്. ഇടയ്ക്ക് മഴയെത്തി നാശംവിതച്ചു. പലര്‍ക്കും വലിയ നഷ്ടമുണ്ടാക്കി.
ജൈവ വളമുപയോഗിച്ചുള്ള കൃഷിയാണ്. സീസണായാല്‍ പിന്നെ കണിവെള്ളരിക്ക് മോഹവിലയാണ്. ഇത്തവണ കാലാവസ്ഥ കൂടി പ്രതികൂലമായ സാഹചര്യത്തില്‍ നല്ല വില ലഭിക്കുമെന്നാണ് പ്രതീക്ഷ. നശിച്ചുപോയ കായ്കള്‍ വെയിലത്ത് ഉണക്കി വിത്ത് എടുത്ത് സൂക്ഷിക്കും. അടുത്ത വര്‍ഷത്തേക്കുള്ള കരുതല്‍. വിഷുക്കാലത്തെ ഈ വെള്ളരി കണികാണാന്‍ മാത്രമല്ല കറി വയ്ക്കാനും ഉഗ്രനാണ്.