ramana-maharshi

TOPICS COVERED

ശ്രീനാരായണ ഗുരുവിനെ മഹാത്മാ ഗാന്ധിയും രബീന്ദ്രനാഥ ടാഗോറും രാജാജിയുമെല്ലാം വര്‍ക്കലയിലെത്തിയാണ് സന്ദര്‍ശിച്ചത്. ഗുരു അങ്ങോട്ടുപോയി കണ്ട ഋഷിവര്യനാണ് രമണന്‍. 1916ല്‍. തമിഴ്നാട്ടിലെ കാഞ്ചീപുരം ആശ്രമ സന്ദര്‍ശനം കഴിഞ്ഞ് ശിവഗിരിയിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് തിരുവണ്ണാമലയില്‍ രമണ മഹര്‍ഷിയെ കാണാന്‍ ഗുരുദേവന്‍ ചെന്നത്. അരുണാചലഗിരിയുടെയും അരുണാചലേശ്വര ക്ഷേത്രത്തിന്‍റെയും മണ്ണായ തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ നിന്നും ഇന്ത്യയുടെ ആത്മീയ ആകാശത്തിലേയ്ക്ക് പടര്‍ന്നു പന്തലിച്ച ജ്ഞാനവൃക്ഷമാണ് രമണ മഹര്‍ഷി. അദ്വൈത രഹസ്യം മൗനത്തിന്‍റെ ഭാഷയില്‍ ലോകത്തോട് പങ്കുവച്ച രമണ മഹര്‍ഷി സമാധിയായിട്ട് 75 വര്‍ഷം. പതിനേഴാം വയസില്‍ മരണമെന്ന മഹാസത്യത്തെ മുഖാമുഖം കണ്ട് മടങ്ങിവന്നാണ് മഹര്‍ഷിയിലേയ്ക്കുള്ള പ്രയാണം തുടങ്ങിയത്. 

പ്രാണന്‍ ആലിലപോലെ വിറയ്ക്കുമ്പോള്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പൊരുള്‍‌ അറിയുക. രമണമഹര്‍ഷിക്ക് മരണാനുഭവമുണ്ടായത് മധുരയിലെ ബന്ധുവീട്ടില്‍വച്ചാണ്. മധുര മീനാക്ഷിയെ തൊഴുത് തെക്കേഗോപുരം കടന്ന് ഇടുങ്ങിയ തെരുവു പിന്നിടുമ്പോള്‍ 'രമണ സന്നിധി' എന്ന് വിളിക്കുന്ന ആ വീട്ടിലെത്തും. തിരക്കുകളില്ല. അന്വേഷിച്ച് അറിഞ്ഞ് അലഞ്ഞ് എത്തുന്ന ചുരുക്കം ചിലര്‍ മാത്രം. രണ്ട് നിലകളുള്ള പഴയ കെട്ടിടം. ഇരുട്ടു നിറഞ്ഞ വരാന്ത കടന്നാല്‍ രമണമഹര്‍ഷിയുടെ ചിത്രവും പാദുകവും പൂജിക്കുന്ന ഹാള്‍. അവിടെ ധ്യാനനിരതരായി ചിലര്‍. ചുമരില്‍ രമണന്‍റെ കൈപ്പടയിലുള്ള കുറിപ്പ് ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു. ചില്ലലമാരയില്‍ രമണമഹര്‍ഷിയെ കണ്ടതിനെക്കുറിച്ച് വിഖ്യാത ബ്രിട്ടിഷ് എഴുത്തുകാരന്‍ സോമര്‍സെറ്റ് മോം എഴുതിയ  'ദ് സെയ്ന്‍റ് ' എന്ന് മനോഹരമായ അനുഭവക്കുറിപ്പ് അടക്കം പുസ്തകങ്ങള്‍. 'രമണഗീത'യും 'രമണലീല'യും 'ഉള്ളത് നാര്‍പ്പതും' അക്കൂട്ടത്തില്‍.

മധുരയില്‍ നിന്ന് 49 കിലേമീറ്റര്‍ ദൂരെയാണ് രമണ മഹര്‍ഷി ജനിച്ച ഗ്രാമം. 1879 ഡിസംബര്‍ 30ന് സുന്ദരം അയ്യരുടെയും അളഗമ്മാളുടെയും മകനായി തമിഴ്നാട്ടിലെ വിരുദ നഗറിലെ തിരുച്ചുഴിയില്‍ പിറന്ന വെങ്കടരമണ അയ്യര്‍ മരണം എന്ന മഹാസത്യത്തെ അറിഞ്ഞ് രമണ മഹര്‍ഷിയായി അവതാരപ്പിറവിയെടുത്തത് പക്ഷെ  മധുരയിലെ ഈ വീട്ടില്‍വച്ചാണ്. രമണന്‍ രണ്ടാമത്തെ മകനായിരുന്നു. മൂത്തയാള്‍ നാഗസ്വാമി. രമണന്‍ ജനിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം സുന്ദരത്തിന് നാഗസുന്ദരം എന്ന മകനുണ്ടായി. പിന്നെ അലമേലു എന്ന മകളും. 1895ല്‍ ഒരു ബന്ധു പറഞ്ഞാണ് തിരുവണ്ണാമലയിലെ അരുണാചലത്തെപ്പറ്റി ബാലനായ രമണന്‍ ആദ്യമായി അറിഞ്ഞത്. 

ramana-maharshi-02

1896 ജൂലൈയിലായിരുന്നു ആ മരണാനുഭവം. അമ്മാവന്‍റെ വീട്ടിലെ മുകള്‍ നിലയിലെ മുറിയില്‍വച്ച്. ഇരുട്ടു മൂടിനില്‍ക്കുന്ന ആ മുറിയില്‍ രമണന്‍റെ കൗമാരകാലത്തെ ഫോട്ടോയുണ്ട്. അടുത്ത് ഒരു നിലവിളക്ക് എരിയുന്നു. ആ ദിവസം രമണന്‍ ഒാര്‍ക്കുന്നു, "പൊടുന്നനെയാണ് അതുണ്ടായത്. ആ ദിവസം എനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊടുന്നനെ മാരകമായ മരണഭയം എന്നെ കീഴടക്കി. മരണം എത്തിയിരിക്കുന്നു. എന്താണ് അതിനര്‍ഥം? എന്താണ് മരിക്കുന്നത്? ഈ ശരീരമാണ് മരിക്കുന്നത്." രമണന്‍ ജഡാവസ്ഥയിലേയ്ക്ക് കടന്നു. കാലുകള്‍ നീട്ടിക്കിടന്നു. ശ്വാസം പിടിച്ചു. ശരീരം മരവിച്ചപോലെയായി. ചുണ്ടുകള്‍ ഇറുക്കിയടച്ചു. മൗനം. "ഞാന്‍" എന്ന വാക്ക് ഒരിക്കലും പുറത്തുവരരുത്. 

"ശരീരം മരിച്ചു. അത് ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോകും. അവിടെ കത്തി ചാരമാകും. ശരീരം ഇല്ലാതായാല്‍, ഞാന്‍ മരിക്കുമോ? ശരീരം മാത്രമാണോ ഞാന്‍? ശരീരം ജഡമായിട്ടും ഞാന്‍ എന്‍റെ വ്യക്തിത്വത്തിന്‍റെ സര്‍വ ഉൗര്‍ജവും അനുഭവിക്കുന്നു. ഞാന്‍ ശരീരത്തെ അതിവര്‍ത്തിക്കുന്ന ആത്മാവാണ്. ശരീരം മരിക്കുമ്പോള്‍ അതിനെ അതിവര്‍ത്തിക്കുന്ന ആത്മാവിനെ മരണത്തിന് തൊടാന്‍ കഴിയില്ല. ഞാന്‍ മരണമില്ലാത്ത ആത്മാവാണ്."

ജ്ഞാനത്തിന്‍റെ അമൃത മഴ നനഞ്ഞ രമണന്‍ മധുര മീനാക്ഷിയെയും സുന്ദരേശനെയും വണങ്ങി. നെറ്റിയില്‍ ഭസ്മവും കുങ്കുമവും തേച്ചു. 63 സിദ്ധന്മാര്‍ക്ക് മുന്നില്‍ ദീര്‍ഘനേരം അനക്കമില്ലാതെ നിന്നു. മൗനത്തിന്‍റെ മഹാസമുദ്രത്തിലേയ്ക്ക് ആണ്ടുപോയി. 1896 ഒാഗസ്റ്റ് 29ന് ഒരു കത്തെഴുതിവച്ച് വീടുവിട്ട രമണന്‍ അരുണാചലത്തിലെത്തി. അരുണാചലേശ്വര ക്ഷേത്രത്തിലെ പാതാളലിംഗം നിലവറയില്‍ ആരംഭിച്ച തപസ് 1899ല്‍ മലമുകളിലെ വിരൂപാക്ഷ ഗുഹയിലേയ്ക്ക് മാറ്റി. 17 വര്‍ഷം. അതിനിടയില്‍ മലയാളവും പഠിച്ചു. 1916ല്‍ സ്കന്ദാശ്രമത്തിലേയ്ക്ക്.

ramana-maharshi-01

സ്കന്ദാശ്രമത്തില്‍വച്ചാണ് രണ്ട് മഹാസമുദ്രങ്ങള്‍ മുഖാമുഖം കണ്ടത്. ശ്രീനാരായണ ഗുരുവും രമണമഹര്‍ഷിയും. രണ്ടുപേരും ഒന്നും സംസാരിച്ചില്ല. മൗനത്തിലൂടെ അവര്‍ ആശയവിനിമയം നടത്തിയിട്ടുണ്ടാകും. ജ്ഞാനികള്‍ക്ക് പരസ്പരം സംസാരിക്കാന്‍ എന്തിന് ഭാഷ! മഹര്‍ഷിക്ക് സമര്‍പ്പിക്കാന്‍ സ്കന്ദാശ്രമവളപ്പിലെ മരത്തണലിലിരുന്ന് ഗുരുദേവന്‍ ചൊല്ലിക്കൊടുത്ത് എഴുതിച്ചതാണ് 'നിര്‍വൃതിപഞ്ചകം'. വര്‍ക്കലയില്‍ തിരിച്ചെത്തിയ ഗുരുദേവന്‍ സംസ്കൃതത്തില്‍ അഞ്ച് ശ്ലോകങ്ങള്‍ കൂടി രചിച്ച് രമണാശ്രമത്തിലേയ്ക്ക് അയച്ചുകൊടുത്തു. 'മുനിചര്യാ പഞ്ചകം.' ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യനായ നടരാജഗുരുവും നടരാജഗുരുവിന്‍റെ ശിഷ്യനായ നിത്യചൈതന്യ യതിയും രമണ ദര്‍ശനത്തിനെത്തിയിരുന്നു. 1950 ഏപ്രില്‍ 14നായിരുന്നു രമണമഹര്‍ഷി സമാധിയായത്. 

മഹര്‍ഷിയുടെ ചിത്രങ്ങളെടുക്കാന്‍ എത്തിയ ഫ്രഞ്ച് ഫൊട്ടോഗ്രഫര്‍ ഹെന്‍റി കാര്‍ട്ടിയെ ബ്രസൊന്‍ അപ്പോള്‍ ആശ്രമത്തിലുണ്ടായിരുന്നു. രമണന്‍ ദേഹം ഉപേക്ഷിക്കുന്ന സമയത്ത് അരുണാചലത്തിന് പിന്നില്‍ തെക്കുനിന്ന് വടക്കോട്ടു നീങ്ങുന്ന വാല്‍നക്ഷത്തെ ബ്രസൊന്‍ ദര്‍ശിച്ചു. രമണ മഹര്‍ഷിക്ക് പതിനേഴാം വയസില്‍ മരണാനുഭവമുണ്ടായ മുറിയില്‍ ഇരുട്ടിനെ കീറിമുറിച്ച് നിലവിളക്കിലെ വെളിച്ചത്തിന്‍റെ വജ്രസൂചി. സ്ഥലകാലങ്ങള്‍ക്ക് അപ്പുറത്തെ അനുഭൂതി. രമണ സന്നിധിയുടെ ഇടുങ്ങിയ വരാന്ത കടന്ന് മടങ്ങുമ്പോള്‍ മനസില്‍ ഇടിമുഴങ്ങി. " നാന്‍ യാര്‍?"പിന്നാലെ മഴയാണ്. ആത്മബോധത്തിന്‍റെ പെരുമഴ. ഈ കാണുന്നതിനും അപ്പുറമാണ് എല്ലാം എന്ന അറിവിന്‍റെ പേമാരി. അതില്‍ എല്ലാം ഒലിച്ചുപോവുകയാണ്. രമണാ...