വിഷുത്തലേന്ന് വട്ടിനിറയെ പച്ചക്കറിയുമായി മടങ്ങുന്നത് ഒരാളല്ല മുന്നൂറിലേറെ വീട്ടുകാര്‍. ഒരുമിച്ചിറങ്ങി വിയര്‍പ്പൊഴുക്കി നൂറുമേനി വിളയിച്ചെടുത്തതെല്ലാം ഏറ്റക്കുറച്ചിലില്ലാതെ അവര്‍ പങ്കിട്ടെടുത്തു. പാലക്കാട് ചൂലന്നൂര്‍ മേപ്പാടത്തെ സമൃദ്ധി ജനകീയ കൂട്ടായ്മ പ്രതീക്ഷയുടെ ആഴം ഏറെയുള്ള ആശാവഹമായ അടയാളമാണ്.
ഇഴയടുപ്പമുള്ളവർ മഴയും വെയിലും നോക്കാതെ പാടത്തിറങ്ങിയപ്പോൾ വിളവെടുത്തതാണ് ഇക്കാണുന്നതെല്ലാം. സ്നേഹ കൈമാറ്റത്തിന്‍റെ പരസ്പരം കൊടുക്കൽ വാങ്ങൽ. വിഷുകൈനീട്ടം കാലേക്കൂട്ടി കൈമാറുകയാണിവിടെ. കലഹമില്ല. സ്നേഹം മാത്രമാണ് പങ്കിടാനുള്ളത്. തലപ്പൊക്കമുള്ളവരും ഇളം തലമുറയും ഒരുപോലെ വിയർപ്പൊഴുക്കിയതിന്‍റെ അടയാളം. മനസറിഞ്ഞ് മണ്ണിലേക്കിറങ്ങിയാൽ മണ്ണ് കനകം തിരികെ നൽകുമെന്ന വാദം യാഥാർഥ്യം. എണ്ണിയെണ്ണി വാരി വാരി നിറച്ച് വെള്ളരി, മത്തൻ. കുമ്പളം. ചുരയ്ക്ക അങ്ങനെ ജൈവ പച്ചക്കറി ഏറെ. സംതൃപ്തിയോടെ ചാക്ക് തലയിലേന്തി നടക്കുന്നവരൊന്നും പണം നല്‍കി പച്ചക്കറി വാങ്ങിയവരല്ല. സ്വന്തം വിയർപ്പ് കണം പൊടിഞ്ഞ് തിളിര്‍ത്ത ഫലങ്ങളുമായുള്ള മടക്കം.
പന്ത്രണ്ടരയേക്കറില്‍ പച്ചക്കറി പരീക്ഷണം പത്ത് വര്‍ഷം പിന്നിടുന്നു. ഒരുമിച്ച് നട്ട് ഒന്നായി പരിപാലിച്ച് ഉള്ളതെല്ലാ നമുക്ക് പങ്കിട്ടെടുക്കാമെന്ന ചിന്ത പുതുതലമുറയും ഏറ്റെടുത്തതാണ് പ്രത്യേകത. കൂട്ടായ്മ സ്വന്തം നിലയില്‍ കണ്ടെത്തുന്ന പണമാണ് മൂലധനം. പാട്ടത്തിനെടുത്ത ഭൂമിയിലെ നെല്‍കൃഷിയിലൂടെയുള്ള വരുമാനവും പച്ചക്കറി കൃഷിക്ക് വിനിയോഗിക്കും. ഒരു രൂപ പോലും ആഗ്രഹിക്കാതെ മണ്ണിലിറങ്ങി പണിയെടുക്കാനുള്ളവര്‍ കൂടെയുള്ളതിന്‍റെ കരുത്ത്. ഇവര്‍ക്ക് വിഷുവും ഓണവുമെല്ലാം സമൃദ്ധിയുടേതാണ്. എല്ലാ വീടുകളിലും സന്തോഷമെത്തിക്കുന്നതിനുള്ള മണ്ണടയാളമാണ്.