കാഴ്ച പരിമിതി നേരിടുന്ന ജെയ്‌സമ്മ മാത്യുവിനും മകൾക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കരുണയിലാണ് തൃശൂർ, വരടിയം അംബേദ്ക്കർ ഉന്നതിയിലെ ജെയ്‌സമ്മയ്ക്കും എട്ടാം ക്ലാസുകാരിയായ മകൾക്കും വിഷുക്കൈനീട്ടമെത്തുന്നത്.
ജീവിത ദുരിതങ്ങളോട് പടവെട്ടിക്കൊണ്ടിരിക്കുന്ന അന്ധയായ ജെയ്‌സമ്മയും മകളും ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. ഇവര്‍ അനുഭവിക്കുന്ന കഷ്ടപ്പാട് ബോധ്യമായതോടെ, കുടുംബത്തിന് സഹായമെത്തിക്കുമെന്ന് യൂസഫലി ഉറപ്പ് നൽകുകയായിരുന്നു. കട്ടളയും ജനാലയും മേൽക്കൂരയും അടക്കം തകർന്നു വീഴാറായ നിലയിലാണ് ജെയ്‌സമ്മയുടെ വീട്.
വാർത്ത കഴിഞ്ഞദിവസം ലണ്ടനിൽ വെച്ചാണ് ജെയ്‌സമ്മ മാത്യുവിനെപ്പറ്റിയുള്ള വാര്‍ത്ത യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിഞ്ഞ ശേഷം ജെയ്‌സമ്മയുടെ പേരിലുള്ള 5സെന്റ് വസ്തുവില്‍ നല്ലൊരു വീട് പണിയാൻ യൂസഫലി നിർദ്ദേശം നൽകുകയായിരുന്നു.
തുടര്‍ന്നാണ് ലുലു ഗ്രൂപ്പ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഐ.ടി സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സി.ഇ.ഒ അഭിലാഷ് വലിയവളപ്പിൽ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവരുടെ നേതൃത്വത്തിൽ ജെയ്‌സമ്മയുടെ വീട്ടിലെത്തി വിവരം അറിയിച്ചത്. പുതിയ വീട് നിർമ്മാണം ഉടൻ തുടങ്ങും...