വാഹനം ഇടിച്ച് പരുക്കേറ്റ തെരുവ് നായയ്ക്ക് വീൽ ചെയർ ഉണ്ടാക്കി നൽകിയ എറണാകുളം മുളന്തുരുത്തി ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങൾ. ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട മാളു ഇപ്പോൾ ഫയർ സ്റ്റേഷൻ്റെ പുതിയ സെക്യൂരിറ്റി കൂടിയാണ്. അവൾ ഉഷാറാകുന്നതും കാത്തിരിക്കുകയാണ് ആ ഫയർ സ്റ്റേഷൻ.
ഒരാഴ്ച്ച മുമ്പാണ് മുളന്തുരുത്തി ഫയർ സ്റ്റേഷനിലേക്ക് ഒരു കോൾ വരുന്നത്. ഒരു തെരുവുനായ ചത്ത് വഴിയിൽ കിടപ്പുണ്ട് എന്നായിരുന്നു സന്ദേശം. ചെന്ന് നോക്കിയപ്പോഴാകട്ടെ, അൽപം ജീവൻ ബാക്കിയുണ്ട്. സ്റ്റേഷനിലെത്തിച്ച് ശുശ്രൂഷിച്ചു. കാല് തളർന്ന് പോയ നായയെ ഉപേക്ഷിക്കാൻ അവർ തയാറായിരുന്നില്ല. യൂട്യൂബിൽ നോക്കി നായയ്ക്കായി ഒരു വീൽ ചെയർ ഉണ്ടാക്കി.
ഡോക്ടറെ കാണിച്ചപ്പോൾ പ്ലാസ്റ്റർ ഇടണമെന്നായിരുന്നു നിർദേശം. അത് പ്രായോഗികമല്ലാതിരുന്നതിനാൽ സ്വന്തമായി ഒരു കൈ നോക്കാമെന്ന് കരുതി. പിവിസി പൈപ്പും പഴയ കാറിൻ്റെ സീറ്റ് ബെൽറ്റും ഉപയോഗിച്ചായിരുന്നു വീൽ ചെയർ നിർമാണം. നായ കൂട്ടത്തിൽ കൂടിയതോടെ അവൾ ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട മാളുവായി. മുറവുണങ്ങി, കാലുകൾ സുഖപ്പെട്ട് മാളു ഓക്കേയാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.