വേനലവധിക്കാലം തുടങ്ങിക്കഴിഞ്ഞു. പൊതു കളിസ്ഥലങ്ങൾ ഉപേക്ഷിച്ച്, പുതുതലമുറയിലെ ഭൂരിഭാഗവും വീഡിയോ ഗെയിമുകളിലും, അവനവനിലും ചുരുങ്ങുന്നു. ഗാഢമായ സൗഹൃദങ്ങളും, നല്ല കൂട്ടയായ്മകളുമാണ് അങ്ങനെ ഇല്ലാതാകുന്നത്. സജീവമായ ഗ്രാമീണകളിയിടങ്ങളും, കളിയെ ലഹരിയാക്കുന്ന കുട്ടികളും അവശേഷിക്കുന്ന, ചെറു പച്ചത്തുരുത്തുകളാണ് ഇപ്പോഴും പ്രതീക്ഷ.
കൊയ്ത്തൊഴിഞ്ഞ, അവധിക്കാലത്ത പാടശേഖരം. ഒരു ഗോൾ പോസ്റ്റോ, സ്റ്റംപോ നാട്ടിയിട്ടില്ല. ഇവയിത്ര നിശബ്ദമായിട്ട് അധികമായിട്ടുണ്ടാകില്ല. ചെളിനിറഞ്ഞ്, ഒരുപാട് തുന്നലുകളുള്ള ഒരഞ്ചാം നമ്പർ പന്തിനെ, എക്കാലവും ഓരോ ദേശത്തേയും കൊയ്ത്തൊഴിഞ്ഞ പാടം കാത്തു കിടന്നിരുന്നു. കുഴി നിറഞ്ഞെതെങ്കിലും, കളിക്കാനെത്തുന്നവരോട് ആ പാടത്തിന് ഒരുപാടിഷ്ടമായിരുന്നു. കുളി കഴിഞ്ഞ് ദാഹമകറ്റിയ പഞ്ചായത്തു കിണറും, കുടിനീരുമൊക്കെ കരയിലിപ്പോഴുമുണ്ട്. ഊർജം ചോരാതെ, ഒറ്റയ്ക്കാകാതെ, ഇപ്പോഴും സജീവമകുന്ന, അവധിക്കാലമാഘോഷിക്കുന്ന ഇളം തലമുറയിലെ ഈ കുട്ടികൾ പ്രതീക്ഷയാണ്. പഠനത്തിനൊപ്പം ഇവർ നല്ല നീന്തലുകാരും, കാൽപ്പന്തുകളിക്കാരുമൊക്കെ ആകില്ലെന്നാരുകണ്ടു. ലഹരിയിലേയ്ക്കോടുന്നൊരു തലമുറയ്ക്ക് മാതൃകയാണിവർ.