മസാലദോശ കഴിച്ചതിനെ തുടർന്ന് മൂന്ന് വയസുകാരി മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമാണെന്ന പരാതിയുമായി കുടുംബം. തൃശൂര്‍ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.
ഒലിവിയയുടെ പിതാവ് ഹെൻട്രി ശനിയാഴ്ചയാണ് വിദേശത്ത് നിന്നെത്തിയത്. ഹെൻട്രിയെ നെടുമ്പാശ്ശേരിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഹെൻട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഹെൻട്രിക്കാണ് വയറ് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തി കുത്തിവയ്‌പ്പെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് ഭാര്യയ്ക്കും ഒലിവിയയ്ക്കും ആരോഗ്യ പ്രശ്നമുണ്ടായത്.
ഒലിവിയയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായതോടെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഒലിവിയയ്ക്ക് ഇഞ്ചക്‌ഷൻ കൊടുത്ത് ഇവർ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ഞായറാഴ്ച അവള്‍ക്ക് വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് മടങ്ങി.
ഒലിവിയയുടെ ആരോഗ്യസ്ഥിതി തിങ്കളാഴ്ച പുലർച്ചെയാണ് തീരെ മോശമായത്. ഇതോടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.