കണ്ണൂര്‍ കരിവെള്ളൂരിലെ പഴയ ലീന ടാക്കീസ് വീണ്ടും പുനര്‍ജനിച്ചു. കരിവെള്ളൂര്‍ ഫെസ്റ്റ് വേദിയിലാണ് പഴയ കാല സിനിമാനുഭവങ്ങള്‍ ഏറെയുള്ള ലീന ടാക്കീസ്, കുഞ്ഞന്‍ രൂപത്തില്‍ പുനര്‍ജനിച്ചത്. ടാക്കീസിനെ വീണ്ടും കണ്ടപ്പോള്‍ കരിവെള്ളൂര്‍ ജനത ഒരിക്കല്‍ കൂടി ഓര്‍മകളിലൂടെ സഞ്ചരിച്ചു.
ലീന ടാക്കീസ്,, ഒരുനാടിന്‍റെ പ്രതീകമായി തലയെടുപ്പോടെ നിലകൊണ്ട സിനിമാ കൊട്ടക. ഓര്‍മകളുടെ സ്ക്രീനില്‍ ഇന്നും ആ വെള്ളിവെളിച്ചമുണ്ട്. ജയനും സത്യനും പ്രേംനസീറും സിനിമാ കൊട്ടകകളില്‍ തരംഗം സൃഷ്ടിച്ച ആ പഴയകാലത്തേക്ക് കരിവെള്ളൂരിന്‍റെ പഴയ തലമുറയെ കൊണ്ടുപോവുകയാണ് ലീന ടാക്കീസ്. സൂപ്പര്‍ സ്റ്റാര്‍ പ്രേംനസീറിനോടുള്ള ആരാധന മൂത്ത് പേരിനൊപ്പം നസീറിനെ ചേര്‍ത്തുപിടിച്ചൊരു സിനിമാ പ്രേമിയുണ്ട് കരിവെള്ളൂരില്‍.. നസീര്‍ രാജന്‍.. ലീന ടാക്കിസിനെ പുനസൃഷ്ടിച്ച് ഗൃഹാതുരമായ ഓര്‍മകളെ തട്ടിയുണര്‍ത്തിയത് നസീര്‍ രാജനാണ്.. . ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് 4k വരെ എത്തിയ സിനമാക്കാലം കണ്ട നസീര്‍ രാജന് കറുപ്പും വെളുപ്പും പിന്നീടുവന്ന കളര്‍ചിത്രങ്ങളും ചലിച്ച വെള്ളിവെളിച്ചം മനസില്‍ നിന്ന് മായില്ല. അതാണ് ആറടി നീളത്തില്‍ ലീന ടാക്കീസിന് പുനര്‍ജന്മം നല്‍കാന്‍ നസീര്‍ രാജനെ പ്രേരിപ്പിച്ചത്.
1973 ല്‍ സ്ഥാപിച്ച ലീന ടാക്കീസ് ഒരു തലമുറയ്ക്ക് സിനിമയെന്തെന്ന് പരിചയപ്പെടുത്തിയ പാഠശാലയായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റെങ്കിലും സിനിമാ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന കൊച്ചുലോകമായിരുന്നു. അന്ന് ആറ് വലിയ മരത്തൂണുകളില്‍ നിര്‍മിച്ച കൊട്ടക അതേപേലെത്തന്നെയാണ് ഇന്നുമുണ്ടാക്കിയത്. ലീനയില്‍ ആദ്യം കളിച്ച സിനിമ സത്യനും മധുവും ജയഭാരതിയുമെല്ലാം തകര്‍ത്തഭിനയിച്ച "കരകാണാകടല്‍".. ആ ചിത്രത്തിന്‍റെ പോസ്റ്ററുമുണ്ട് മിനിയേച്ചര്‍ ടാക്കീസില്‍. 34 വര്‍ഷങ്ങള്‍ കരിവെള്ളൂരിനെ സിനിമ കാണിച്ച ലീന ടാക്കീസ് 2007–ലാണ് കാലത്തിന് വഴിമാറിക്കൊടുത്തത്. നഗരം വികസിച്ചപ്പോള്‍ ടാക്കീസ് പൊളിച്ചുമാറ്റപ്പെട്ടു. പക്ഷേ, ലീന ടാക്കീസെന്ന പേരും അവിടത്തെ ഓര്‍മകളും കാലങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകും.