കോഴിക്കോട് കാരപ്പറമ്പ് മെയ്ത്ര – എടക്കാട് റോഡില്‍ ബൈക്കുകള്‍ തെന്നിവീഴുന്നത് തുടര്‍ക്കഥയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ 7 ബൈക്കുകള്‍ തെന്നിവീണു. സാരമായി പരുക്കേറ്റ യാത്രികരെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
ആദ്യം മഴയാണ് വില്ലന്‍ എന്നു കരുതിയ നാട്ടുകാരും പൊലിസും കൂടുതല്‍ പരിശോധിച്ചപ്പോഴാണ് കാരണമറിഞ്ഞതും തലയില്‍ കൈവച്ചതും. ബൈക്കുകള്‍ തെന്നിവീഴാന്‍ കാരണം മഴ മാത്രമല്ല. ഞാവല്‍പഴം കൂടിയാണ്. മഴയത്ത് ഞാവല്‍പ്പഴം കൂട്ടത്തോടെ റോഡിലേയ്ക്ക് വീണിരുന്നു. ഇതിലൂടെ വാഹനം കയറിയിറങ്ങി റോഡില്‍ ഞാവല്‍പ്പഴ അവശിഷ്ടം കൊണ്ടുനിറഞ്ഞു. ഇതാണ് അപകടപരമ്പരയ്ക്ക് കാരണമായത്.
കാര്യം പിടികിട്ടിയതോടെ ഒട്ടും വൈകിയില്ല. നേരെ 101ലേക്ക് വിളിച്ചു. അഗ്നിരക്ഷാസേന പറന്നെത്തി. 20 മിനിറ്റ് കൊണ്ട് ഞാവല്‍പ്പഴങ്ങളുടെ അവശിഷ്ടം പൂര്‍ണമായി നീക്കി. ഇതോടെ ബൈക്ക് തെന്നിവീഴുന്നതും അവസാനിച്ചു. പ്രശ്നത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം കണ്ടതിന്‍റെ ആശ്വാസത്തിലായിരുന്നു നാട്ടുകാര്‍.