lip-scrubbers

AI Generated Images

തിളക്കവും അഴകുമുളള ചുണ്ടുകള്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ഇരുണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകള്‍ പലപ്പോഴും നമ്മുടെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുത്തിയേക്കാം. മുഖസൗന്ദര്യത്തില്‍ ചുണ്ടുകള്‍  പ്രധാന പങ്കുവഹിക്കുന്നു. എന്നാല്‍ തിളക്കം നഷ്ടപ്പെട്ടതും വിണ്ടുകീറിയതുമായ ചുണ്ടുകള്‍ മൂലം നന്നായൊന്ന് ചിരിക്കാന്‍ മടികാണിക്കുന്നവര്‍ ഏറെയാണ്. ചുണ്ടുകളുടെ നഷ്ടപ്പെട്ട ഭംഗി വീണ്ടെടുക്കാന്‍  ചികില്‍സയ്ക്ക് വിധേയരാകുന്നവരും കുറവല്ല. അത്തരം ചികില്‍സകള്‍ ചിലവേറിയതും പലപ്പോഴും ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നവയുമാണ്. ചുണ്ടുകളുടെ ഭംഗി നഷ്ടപ്പെട്ടെന്ന് തോന്നിത്തുടങ്ങുമ്പോള്‍  തന്നെ അതിനുളള പരിഹാരവും തേടണം. ഏറ്റവും എളുപ്പത്തില്‍ പ്രകൃതിദത്തമായ രീതിയല്‍ ചുണ്ടുകളുടെ ആരോഗ്യവും ഭംഗിയും വീണ്ടെടുക്കാന്‍ അടുക്കളയിലുണ്ട് പരിഹാരം. അതെന്തൊക്കെയെന്ന് നോക്കാം.

വരണ്ട ചുണ്ടുകള്‍ക്ക് ഏറ്റവും മികച്ച പരിഹാരങ്ങളില്‍ ഒന്നാണ് എക്സ്ഫോളിയേഷന്‍. ചുണ്ടിലെ നിര്‍ജീവമായ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനെയാണ് എക്സ്ഫോളിയേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി  നല്ലൊരു സ്ക്രബര്‍ ഉപയോഗിക്കാം. വിപണിയില്‍ വിവിധയിനം ലിപ് സ്ക്രബറുകള്‍ ലഭ്യമാണ്. ഇതുവാങ്ങി ഉപയോഗിക്കുന്നതിന് മുന്‍പ് അതിന്‍റെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് മാത്രം.

പഞ്ചസാര

വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് പഞ്ചസാര കൊണ്ടുളള സ്ക്രബര്‍. ഒരു ബൗളില്‍ ആവശ്യത്തിന് പഞ്ചസാര എടുക്കുക. അതിലേക്ക്  ആവശ്യമായ  തേന്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഇത് ചുണ്ടകളില്‍ തേച്ച് സാവധാനം ഉരസുക . വിരലുകള്‍കൊണ്ട് തന്നെയോ  കോട്ടണ്‍ ഉപോഗിച്ചോ ഇത് ചെയ്യാം. ശേഷം കഴുകിക്കളഞ്ഞ് ചുണ്ടുകളില്‍ നല്ല ഏതെങ്കിലും ലിപ് ബാം പുരട്ടാം.

കാപ്പിപൊടി

കാപ്പിയുണ്ടാക്കാന്‍ മാത്രമല്ല ചർമത്തിൽ മികച്ചൊരു എക്സഫോളിയേറ്ററായി പ്രവർത്തിക്കാനും കാപ്പിപ്പൊടിക്കാവും. കാപ്പിപ്പൊടിയിലെ തരികള്‍ ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. കാപ്പിപ്പൊടിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുള്‍ ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല ചര്‍മത്തെ ദൃഢമാക്കാനും സഹായിക്കും. 1 ടീസ്പൂൺ കാപ്പിപൊടിയും 1 ടീ സ്പൂൺ പഞ്ചസാരയും അൽപം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം 5 മിനിറ്റ് നേരം ചുണ്ടുകളില്‍ തേച്ച് പിടിപ്പിച്ച് നന്നായി സ്ക്രബ് ചെയ്യുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. ഈ മിശ്രിതം മുഖം സ്ക്രബ് ചെയ്യാനും ഉപയോഗിക്കാവുന്നതാണ്.

കടലമാവ്

പ്രകൃതിദത്തമായ എക്സ്ഫോളിയേറ്ററുകളില്‍ മുന്നിലാണ് കടലമാവ്. കടലമാവ് ദേഹത്ത് തേച്ച് കുളിക്കുന്നതും വളരെ നല്ലതാണ്. 3 ടേബിൾസ്പൂൺ കടലമാവ്, 1 ടേബിൾസ്പൂൺ ഓട്സ് പൊടിച്ചത്, 2 ടേബിൾ സ്പൂൺ ചോളപ്പൊടി എന്നിവ പാലുമായി ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും ചുണ്ടുകളിലും തേച്ച് നന്നായി ഉണങ്ങിയ ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ സ്‌ക്രബ് ഉപയോ​ഗിക്കാം.

തക്കാളി

തക്കാളിയില്‍ സെലിനിയം പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചുണ്ടുകളുടെ ചർമത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. തക്കാളി കഴിക്കുന്നതും തക്കാളികൊണ്ടുളള സ്ക്രബര്‍ ചുണ്ടുകളില്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. തക്കാളിനീരും പഞ്ചസാരയും ചേര്‍ത്ത് മിശ്രിതം ചുണ്ടുകള്‍ സ്ക്രബ് ചെയ്യാനായി ഉപയോഗിക്കാം. ഇത് ചുണ്ടുകള്‍ക്ക് തിളക്കം സമ്മാനിക്കുന്നതിനൊപ്പം വരണ്ട ചര്‍മത്തെ നീക്കം ചെയ്യുകയും ചെയ്യും. 

ഗ്രീന്‍ ടി

കഫീൻ  ചുണ്ടുകളെ വരണ്ടതും ഇരുണ്ടതുമാക്കുന്നു.  സ്ഥിരമായി ചായയും കാപ്പിയും കുടിക്കുന്നവര്‍ക്ക് ഗ്രീന്‍ ടി ഒന്നു മാറി പരീക്ഷിക്കാവുന്നതാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ ചുണ്ടുകളിലെ ഫ്രീ റാഡിക്കലുകളോട് പോരാടുകയും ചുളിവുകള്‍, ഇരുണ്ട നിറം എന്നിവ ഇല്ലാതാക്കുകയും ചെയ്യും. വരണ്ട ചുണ്ടുകള്‍ക്കും ഇരുണ്ട ചുണ്ടുകള്‍ക്കും പരിഹാരമായി  ഗ്രീൻ ടീ പായ്ക്കുകൾ ചുണ്ടുകളിൽ പുരട്ടുന്നത് നല്ലതാണ്. വെളളത്തിലിട്ട് തിളപ്പിച്ച ഗ്രീന്‍ ടി ബാഗുകള്‍ ചൂടാറിയശേഷം ചുണ്ടില്‍ വെയ്ക്കുന്നതും മികച്ച പരിഹാരമാര്‍ഗമാണ്. മേല്‍പറഞ്ഞ പൊടിക്കയ്കളൊന്നും അലര്‍ജി ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം  എന്നുമാത്രം.

ENGLISH SUMMARY:

Chapped Lips Remedies